Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു.

പ്രമുഖ ഭാഷാ പണ്ഡിതനും നിരൂപകനും കവിയുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിക്കൊടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഭാഷാസ്‌നേഹിയായിരുന്നു പുതുശ്ശേരി.

കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ആദ്യ പരീക്ഷണശാലകളിലൊന്നായ ശൂരനാട്ടാണ് പുതുശ്ശേരി ജനിച്ചത്. മലയാള കവിതയിലെയും സാഹിത്യത്തിലെയും വിപ്ലവ സാഹിത്യത്തിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പുതുശ്ശേരി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സാഹിത്യത്തിലേക്കും കവിതയിലേക്കും തിരിഞ്ഞത്.

കാമ്പിശ്ശേരി കരുണാകരനും തോപ്പില്‍ ഭാസിക്കും ഒപ്പം ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്തു തന്നെ കമ്യൂണിസ്റ്റ് സഹയാത്രികനായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കി. 1947 ലെ ആദ്യ സ്വാതന്ത്ര്യദിനത്തില്‍ അതേ സ്‌കൂളില്‍ മൂവര്‍ണ്ണ പതാക ഉയര്‍ത്തിയത് പുതുശ്ശേരിയായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം ശൂരനാട് വിപ്ലവത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയത് കാമ്പിശ്ശേരിയായിരുന്നു. 1957 ല്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ അദ്ധ്യാപകനായി. കേരള സര്‍വ്വകലാശാലയിലെ മലയാളവിഭാഗം അദ്ധ്യക്ഷനായാണ് വിരമിച്ചത്. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള നാലു വോള്യം റിപ്പോര്‍ട്ട് ചുരുങ്ങിയ കാലംകൊണ്ടാണ് പുതുശ്ശേരി അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയത്.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, കുമാരനാശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.