Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ മാസ്‌ക്കിന് വന്‍ വിലയാണ് മാസ്‌ക്കിന് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ദിനംപ്രതി 500 ല്‍ പരം മാസ്‌ക്കുകളാണ് അന്തേവാസികള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ത്രീ ലയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതുമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ തുണി മാസ്‌ക്ക് നിര്‍മാണം തുടങ്ങിയത്.

രണ്ട് തരത്തില്‍ പെട്ട മാസ്‌കുകളാണ് വിയ്യൂര്‍ ജയിലില്‍ നിര്‍മ്മിക്കുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന തുണിയില്‍ നിര്‍മിച്ച മാസ്‌ക്കും ഒറ്റതവണ ഉപയോഗിക്കാവുന്ന മാസ്‌ക്കുകളും. ഇവ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൈമാറും. ഒറ്റതവണ ഉപയോഗിക്കാവുന്ന മാസ്‌ക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍മ്മലാനന്ദന്‍ നായര്‍ അറിയിച്ചു.

ആറ് മണിക്കൂര്‍ ഉപയോഗിച്ച ശേഷം നന്നായി കഴുകി മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും ഉപയോഗശേഷം സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയ ശേഷമോ, ഇസ്തിരിയിട്ട ശേഷമോ മാത്രമേ ഇത് ഉപയോഗിക്കാവു. വിപണിയിലെത്തുമ്പോള്‍ 12 രൂപക്ക് ഈ മാസ്‌ക്കുകള്‍ ലഭിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, ജയില്‍ ഡി ജി പി ഋഷിരാജ് സിങ്ങുമായി ബന്ധപെട്ടാണ് കുറഞ്ഞ വിലക്ക് തുണി മാസ്‌ക് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

രണ്ടുതരം മാസ്‌ക്കുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്‍ 95 മാസ്‌ക്ക്, ത്രീ ലയര്‍ സര്‍ജിക്കല്‍ മാസ്‌ക് എന്നിവ. എന്‍ 95 മാസ്‌ക്ക് കോവിഡ് 19 ബാധിച്ചവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമാണ് അവശ്യം. ഈ രണ്ട് മാസ്‌ക്കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണി മാസ്‌ക്കുകള്‍ ഉപയോഗിക്കാം എന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെയാണ് തുണി മാസ്‌ക്കിന് മാതൃകയുണ്ടാക്കി നിര്‍മ്മാണം ആരംഭിച്ചത്.