Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കോവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പിന്തുണച്ച് സാര്‍ക്ക് രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മുന്നില്‍വച്ചു. ഫണ്ടിലേക്ക് ഇന്ത്യ പത്ത് മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണയെ നേരിടുന്നതിനുള്ള സംയുക്ത നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ആശയവിനിമയം നടത്തവെയാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളില്‍നിന്ന് ശക്തമായ പിന്തുണയാണ് മോദിയുടെ നിര്‍ദ്ദേശത്തിന് ലഭിച്ചത്. സാര്‍ക്ക് രാജ്യങ്ങളിലെ ജനങ്ങള്‍ പരസ്പരം ബന്ധമുള്ളവരാണ്. അതിനാല്‍ വൈറസ് ബാധ നേരിടുന്നതിന് സംയുക്ത നടപടിക്രമങ്ങള്‍ സ്വീകരിക്കണെമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ, മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യവിഭാഗം സ്‌പെഷ്യല്‍ അസിസ്റ്റന്റ് സഫര്‍ മിര്‍സ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.