Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ മരണം; പോത്തൻകോട് സ്വദേശി മെഡിക്കൽ കോളേജിൽ മരണമടഞ്ഞു

തിരുവനന്തപുരം; കോവിഡ് ബാധിച്ച് കേരളത്തിൽ രണ്ടാമതും മരണം . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു.

റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു ദിവസമായി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത്. ഐസൊലേഷനിൽ കഴിയവേ ഹൃദയാഘാതവും,പക്ഷാഘാതവും ഉണ്ടായതായി പറയപ്പെടുന്നു.

ഇദ്ദേഹത്തിനു എങ്ങനെയാണ് രോ​ഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നി​ഗമനത്തിലെത്താൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.

പനിയും,ചുമയുമായി ആദ്യം ഇദ്ദേഹം തോന്നയ്ക്കൽ പിഎച്ച്സിയിൽ എത്തി. എന്നാൽ പ്രാഥമിക ചികിത്സ നൽകി ആശുപത്രി അധികൃതർ തിരികെ വിട്ടു. പിന്നീട് അസുഖം കുറയാത്തതിനെ തുടർന്ന് തൊട്ടടുത്ത ഗോകുലം മെഡിക്കൽ കോളേജിൽ പോയി.പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു, അതേ ദിവസവും മാർച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. മാർച്ച് 20 വരെ ഇദ്ദേഹം പള്ളിയിൽ പോയിട്ടുണ്ട്.

നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാര പാത ആരോ​ഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നി‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തേ ദുബായിൽ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.