Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 12 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ജില്ലയില്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും നിരോധനാജ്ഞ നീട്ടേണ്ടത് അനിവാര്യമാണെന്ന് ബോധ്യമായിട്ടുളള സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

കെ എസ് ആര്‍ ടി സി, സ്വകാര്യബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിക്കരുത്. എന്നാല്‍, അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും അടിയന്തിര മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെക്കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്രചെയ്യാം. പെട്രോള്‍ പമ്പ് പ്രവര്‍ത്തനം, എല്‍ പി ജി വിതരണം, വൈദ്യുതി, ടെലികോം സേവനം എന്നിവ തടസപ്പെടുത്താന്‍ പാടില്ല.

പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. മറ്റ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല. ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കാം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടുത്തരുത്.

ആരാധനാലയങ്ങളില്‍ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായ ചടങ്ങുകള്‍ മാത്രം നടത്താം. അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകള്‍, ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാല്‍ ഐ പി സി 188 പ്രകാരം ശിക്ഷാര്‍ഹരാണ്.

ജനങ്ങള്‍ അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ വ്യക്തികള്‍ തമ്മില്‍ ഒരുമീറ്റര്‍ അകലം പാലിക്കണം. മാര്‍ച്ച് 10 ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ നിര്‍ബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കണം. ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയും നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടി വരും.

ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. എല്ലാ എ ടി എം കൗണ്ടറുകളിലും ആവശ്യത്തിന് പണം ഉണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. കൗണ്ടറുകളില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.