Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ചന്ദ്രയാന്‍-2 ദൗത്യം 95 ശതമാനം വിജയം: ഐ.എസ്.ആര്‍.ഒ

ചന്ദ്രയാന്‍-2 ദൗത്യം ഇതുവരെ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്.

100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ 2379 കിലോഗ്രാം ഭാരമുള്ള ഓര്‍ബിറ്റര്‍ ഏഴുവര്‍ഷത്തിലേറെ ചന്ദ്രനെ വലംവയ്ക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ബിറ്ററിലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച് ഭൂമിയിലെ കണ്‍ട്രോള്‍ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാര്‍ജ് അറേ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്‌റോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാന്‍ ‘ചേസ്-2’വും സൂര്യനില്‍ നിന്നുള്ള എക്‌സ്‌റേ വികിരണങ്ങളെപ്പറ്റി പഠിക്കാന്‍ സോളര്‍ എക്‌സ്‌റേ മോണിറ്ററും ഓര്‍ബിറ്ററിലുണ്ട്.

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാന്‍ ചെയ്യാന്‍ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാന്‍ ഇമേജിംഗ് ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താന്‍ ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ കാമറയും ഓര്‍ബിറ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്.