Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി വിഷയത്തില്‍ റവന്യൂ വകുപ്പിന്റെ നടപടി

മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിന്റേയും കുടുംബത്തിന്റേയും പേരിലുള്ള കൊട്ടക്കാമ്പൂരിലെ ഭൂമി വിഷയത്തില്‍ റവന്യൂ വകുപ്പിന്റെ കര്‍ശന നടപടി. ജോയിസ് ജോര്‍ജ്ജിന്റേയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ഉത്തരവിറങ്ങി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വേണ്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതതിന്റെ പശ്ചാത്തലത്തിലാണ് തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ദേവികുളം സബ് കളക്ടറുടെ ഉത്തരവിറങ്ങിയത്.

കാലങ്ങളായി നിലനില്‍ക്കുന്ന കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദക്കേസില്‍ മുന്‍ എം പി ജോയിസ് ജോര്‍ജ്ജിനും കുടുംബത്തിനും തിരിച്ചടിയാകുന്ന നടപടിയാണ് നിലവില്‍ റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് രേഖകള്‍ ഹാജരാക്കുവാന്‍ ജോയിസ് ജോര്‍ജ്ജിനും കുടുംബത്തിനും നിരവധി തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതിന് തയ്യാറാകാതെ അഭിഭാഷകന്‍ മുഖേനയാണ് രേഖകള്‍ സമര്‍പ്പിച്ചത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കുന്നതിനും കഴിയാതെ വന്ന സാഹചര്യത്തിലാണ് നിലവില്‍ ജോയിസ് ജോര്‍ജ്ജിന്റേയും മറ്റ് ബന്ധുക്കളുടേയും പേരിലുള്ള ബ്ലോക്ക് നമ്പര്‍ 58 ലെ 120,121, 116, 18, 15 എന്നീ അഞ്ച് തണ്ടപ്പേര്‍ നമ്പറുകള്‍ റദ്ദ് ചെയ്ത് ദേവികുളം സബ്കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഇനി വസ്തു കൈമാറ്റം ചെയ്താലും പോക്കുവരവ് ചെയ്യുന്നതിനോ കരമടയ്ക്കുന്നതിനോ സാധിക്കില്ല.

മൂന്ന് തവണ നേരിട്ട് ഹാജരാകുന്നതിന് നോട്ടാസ് നല്‍കിയിട്ടും ജോയ്‌സ് ജോര്‍ജ്ജ് ഹാജരായിട്ടില്ല. ഭൂമിക്ക് പട്ടയം നല്‍കിയ കാലയളവില്‍ പതിവ് അപേക്ഷകള്‍ പാസാക്കുന്നതിന് ഭൂമി പതിവ് കമ്മറ്റി ചേര്‍ന്നിട്ടില്ല, 1970 കാലയളവിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ റീ സര്‍വ്വേ ഫെയര്‍ ഫീല്‍ഡ് രജിസ്റ്ററില്‍ ഈ ഭൂമി തരിശായി കിടക്കുന്നതും സര്‍ക്കാര്‍ കൈവശക്കാരനായിട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തമായ റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്. ഭൂമി സര്‍ക്കാര്‍ അധീനതയിലെടുത്ത് രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് തഹസില്‍ദാരെ ചമുതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു