Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കുടുംബശ്രീ വഴി ലാപ്ടോപുകൾ ; കുട്ടികൾക്കായി ടിവി സ്പോൺസർ ചെയ്ത് കെഎസ്എഫ്ഇ

തിരുവനന്തപുരം : ടെലിവിഷന്‍ ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായുള്ള അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ കെഎസ്എഫ്ഇ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ ടെലിവിഷനുകള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്‌സിഡിയായി നല്‍കും. ടെലിവിഷന്റെ 25% ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശഭരണ സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍മാരെയോ കണ്ടെത്തണം.

കുടുംബശ്രീ വഴി ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനുള്ള ഒരു സ്‌കീം കെഎസ്എഫ്ഇ രൂപം നല്‍കുന്നുണ്ട്. കെഎസ്എഫ്ഇയുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്‌കീം നടപ്പാക്കുക.

ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.

സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടത്തുന്നത്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായിട്ടുണ്ട്. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസ്സുകള്‍ നല്‍കും.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.