Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വെട്ടുകിളികൾക്കെതിരെ മുന്നറിയിപ്പുമായി കൃഷി വകുപ്പ് ; തുരത്താനുള്ള മാർഗ്ഗങ്ങൾ ഇവ

കൽപ്പറ്റ ; കൃഷിയിടങ്ങളിലെ വെട്ടുകിളിസാന്നിദ്ധ്യത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് കൃഷി വകുപ്പ്. ജില്ലയിലെ ചിലഭാഗങ്ങളില്‍ വെട്ടുകിളിസമാനമായ പുല്‍ച്ചാടികളുടെ ആക്രമണം കര്‍ഷകരെ ആശങ്കപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കോഫി ലോക്കസ്റ്റ് എന്ന് വിളിപ്പേരുള്ള പുല്‍ച്ചാടികളാണ് ജില്ലയിലെ ചില ഭാഗങ്ങളില്‍ കാണപ്പെട്ടത്. താരതമ്യേന വലിയ തോതില്‍ വിളകള്‍ നശിപ്പിക്കാത്തയിനം പുല്‍ച്ചാടികളാണ് ഇവ. അതേ സമയം വിവിധ വകഭേദങ്ങളിലായി പുല്‍ച്ചാടികള്‍ കാണപ്പെടുന്ന കൃഷിയിടങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതും പുല്‍ച്ചാടികളും അവയുടെ വളര്‍ച്ചാ ഘട്ടത്തിലെ നിംഫുകളും പരിധി കവിഞ്ഞു പെരുകാതെ നോക്കേണ്ടതും അത്യാവശ്യമാണെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ഡിസര്‍ട്ട് ലോക്കസ്റ്റ് അഥവാ മരുഭൂമി വെട്ടുകിളികളാണ് ഇപ്പോള്‍ രാജസ്ഥാന്‍, ഗുജറാത്ത്, യു.പി,മധ്യപ്രദേശ്, സംസ്ഥാനങ്ങള്‍ കടന്ന് മഹാരാഷ്ട്ര വരെ തങ്ങളുടെ ആക്രമണ പരിധി വ്യാപിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ഏത്യോപ്യ, സോമാലിയ, കെനിയ, ഉഗാണ്ട, ടാന്‍സാനിയ, ദക്ഷിണ സുഡാന്‍, എറിട്രിയ, ജിബൂട്ടി, മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിളനാശങ്ങള്‍ക്കും ഭക്ഷ്യക്ഷാമത്തിനും കാരണമായവയാണിവ.

രാജ്യത്തിന്റെ കോവിഡാനന്തര ഭക്ഷ്യ സുരക്ഷിതത്വത്തിന് വെട്ടുകിളികൂട്ടം ഉയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. കളയെന്നോ വിളയെന്നോ ഭേദമില്ലാതെ മണിക്കൂറുകള്‍ക്കകം ഒരു വിസ്തൃത ഭൂഭാഗത്തെ പച്ചപ്പപ്പാടെ ഇവ അകത്താക്കും. സാധാരണയായി ജൂലായ്,ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളികളുടെ ഇന്ത്യയിലേക്കുള്ള അധിനിവേശം ഉണ്ടാകാറുള്ളത്. എന്നാല്‍ ഇക്കുറി പതിവിലും നേരത്തേ, ഏപ്രില്‍ 11 നു തന്നെ ഇവ ഇന്തോ പാക് അതിര്‍ത്തി രേഖ കടന്നു രാജ്യത്തെത്തി. കാലം തെറ്റിയുള്ള ഈ കടന്നാക്രമണത്തിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ലോകഭക്ഷ്യ കാര്‍ഷിക സംഘടന ചൂണ്ടിക്കാട്ടുന്നു.

കൃഷിപരിപാലന മുറകളിലെ താളഭംഗവും കാലാവസ്ഥാ വ്യതിയാനവുമാണ് ജില്ലയുടെ ചിലഭാഗങ്ങളില്‍ ഇത്തരം കീടങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നത്. ഇവയെ നിയന്ത്രിക്കുന്നതിന് മെറ്റാറൈസിയം എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിച്ചു കൊടുക്കാവുന്നതാണ്.

വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതവും നിയന്ത്രണത്തിന് സഹായകമാണ്. കീടാക്രമണം നിയന്ത്രണാതീതമാകുമ്പോള്‍ ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ജനുസ്സില്‍ പെടുന്ന കീടനാശിനികളാണ് ഉപയോഗിക്കേണ്ടത്. മാരകവീര്യമുള്ള രാസകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുന്നതിന് തുടക്ക ത്തില്‍തന്നെ സ്വീകരിക്കുന്ന സംയോജിത കീട നിയന്ത്രണോപാധികള്‍ സഹായിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.