Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നത് 21 ഇനം ഫല വർഗ്ഗങ്ങളുടെ സൗജന്യ വിത്തുകൾ ; പദ്ധതിയുമായി കൃഷി വകുപ്പ്

കൽപ്പറ്റ : സംസ്ഥാനത്തു ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ച ഒരു കോടി തൈ നടീല്‍ പദ്ധതിയില്‍ ഒന്നാംഘട്ടം തൈ വിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും. രണ്ടാംഘട്ടം വിതരണം ജൂലൈ ആദ്യവാരം തുടങ്ങും. സെപ്റ്റംബറില്‍ തൈ നടീല്‍ പൂര്‍ത്തിയാക്കും.

മാങ്ങ, ചക്ക, മാതളം, പാഷന്‍ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കൊടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാഗോസ്റ്റീന്‍, ചാമ്പക്ക, നേന്ത്രന്‍, ഞാലിപ്പൂവന്‍ തുടങ്ങി 21 ഇനം ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു ആവിഷ്‌കരിച്ചതാണ് പദ്ധതി.

തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനം വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 23 കാര്‍ഷിക-പാരിസ്ഥിതിക പ്രദേശങ്ങളിലും ഭൂപ്രകൃതിക്കു യോജിച്ച തൈകളാണ് നട്ടുപരിപാലിക്കുക.

വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ കെട്ടിടവളപ്പുകള്‍, സ്‌കൂള്‍വളപ്പുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവരുടെയും സഹായത്തോടെയാണ് തൈകള്‍ നടുക.

കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകള്‍, കാര്‍ഷിക കര്‍മസേന, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള, അഗ്രോ സര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മസേന, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നതില്‍ ഗ്രാഫ്റ്റ്, ലെയര്‍ ടിഷ്യൂ കള്‍ച്ചര്‍ ഒഴികെ ഫലവൃക്ഷത്തൈകള്‍ സൗജന്യമായാണ് പദ്ധതിയില്‍ വിതരണം ചെയ്യുന്നത്.

ഗ്രാഫ്റ്റ്, ലെയര്‍ ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ക്കു വിലയുടെ 25 ശതമാനം ഈടാക്കും. കൃഷി വകുപ്പു നിശ്ചയിച്ച നിരക്കില്‍ തൈകള്‍ വിതരണത്തിനു ശേഖരിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന തൈകളുടെ വിതരണം പൂര്‍ണമായും സൗജന്യമാണെങ്കിലും ഗുണഭോക്തൃകൂടുംബം തൊഴില്‍ കാര്‍ഡുള്ള പാര്‍ശ്വവത്കൃത വിഭാഗത്തില്‍പ്പെട്ടതാകണം. വനം വകുപ്പ് ഉത്പാദിപ്പിക്കുന്ന തൈകള്‍ സൗജന്യമായി ലഭ്യമാക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കും.
ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായി രൂപീകരിക്കുന്ന കമ്മിറ്റിക്കായിരിക്കും തൈവിതരണം, നടീല്‍, പരിപാലനം എന്നിവയുടെ ഏകോപനച്ചുമതല. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തൈ വിതരണപ്പട്ടിക തയാറാക്കേണ്ട ഉത്തരവാദിത്തം.

വയനാട്ടിൽ അമ്പലവയല്‍ പ്രദേശിക ഗവേണകേന്ദ്രം ഒരു ലക്ഷം ഫലവൃക്ഷത്തൈകളും വിഎഫ്.പി.സി.കെ 15,000 ഫലവൃക്ഷത്തൈകളും 58,500 വാഴക്കന്നുകളും അഗ്രോ സര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മസേന 89,200 ഫലവൃക്ഷത്തൈകളും 44,500 വാഴക്കന്നുകളും വിതരണത്തിനു കൃഷി വകുപ്പിനു നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ 60,000-ഉം കുടുബശ്രീയിലൂടെ 35,715-ഉം ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുക.

വനം വകുപ്പ് ചുഴലി, കുന്നമ്പറ്റ, മേലേ കുന്താണി, താഴെ കുന്താണി, ബേഗൂര്‍ നഴ്‌സറികളില്‍ ഉത്പാദിപ്പിച്ച പേര, ഞാവല്‍, പ്ലാവ്, നെല്ലി, സീതപ്പഴം, ചെറുനാരകം, ഉറുമാമ്പഴം, വാളംപുളി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുകയെന്നു സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി.ഹരിലാല്‍ പറഞ്ഞു.

പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നടുന്നതിനു കരിമരുത്, ഞാവല്‍, വേപ്പ്, മഹാഗണി, കുമിഴ്, ഉങ്ങ്, കുമിഴ്, താന്നി, കുടംപുളി, നീര്‍മരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും വനം വകുപ്പ് തയാറാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ അഞ്ചു നഴ്‌സറികളിലുമായി മൂന്നു ലക്ഷത്തോളം തൈകളാണ് പാകമായത്.