Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ എത്തിച്ച് ചൈന ; സുഖോയ് അടക്കമുള്ള വിമാനങ്ങൾ സജ്ജമാക്കി ഇന്ത്യ , യുദ്ധത്തിനുള്ള തയ്യാറെടുപ്പോ ?

ന്യൂഡൽഹി ; സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോടു ചേർന്നു യുദ്ധവിമാന വിന്യാസം വർധിപ്പിച്ച് ചൈന. സുഖോയ് 30 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വ്യോമതാവളങ്ങളിൽ സജ്ജമാക്കി ഇന്ത്യ.

ഇന്ത്യൻ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെ ചൈനയുടെ 2 യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പറന്നു. അതിർത്തിയോടു ചേർന്നുള്ള ഹതൻ, ഗർഗുൻസ വ്യോമതാവളങ്ങളിൽ ചൈനയുടെ 12 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണവ.ചൈനയുടെ വ്യോമ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ ഇന്ത്യയും ചൈനയും എത്തിച്ചിരുന്നു . പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ നടത്തുന്നത്.

സുഖോയ് 30 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വ്യോമതാവളങ്ങളിൽ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ പാംഗോങ് ട്സോ തടാകം, ഗൽവാൻ താഴ്‌വര എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.

ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന ടാങ്കുകൾ, ഡ്രോണുകൾ എന്നിവയാണു അതിർത്തിയിലേക്കു ചൈന എത്തിച്ചത്. സൈനിക, നയതന്ത്ര തലത്തിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സൈനിക നടപടിയിലേക്ക് ചൈനീസ് സേന നീങ്ങുന്നത്. പീരങ്കികളും ഇൻഫൻട്രി കോംപാക്ട് വാഹനങ്ങളും മറ്റു വലിയ സൈനിക ഉപകരണങ്ങളും യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വളരെ വേഗത്തിലാണ് ചൈന എത്തിക്കുന്നത് .

പാംഗോങ്ങില്‍ പൂർവസ്ഥിതി വരുത്തുന്നതുവരെ ഇന്ത്യ യാതൊരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണു വിലയിരുത്തൽ. പ്രശ്നമേഖലയിൽ ശക്തമായ വ്യോമനിരീക്ഷണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ചൈനീസ് സേന എത്രയും പെട്ടെന്ന് മേഖലയിൽനിന്ന് പിന്മാറണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്