Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കന്നുകുട്ടികൾക്ക് വിരമരുന്ന് നൽകേണ്ടത് എപ്പോൾ , എങ്ങനെ ; വെറ്റിനറി സർവകലാശാല പറയുന്ന രീതികൾ ഇതാണ്

കന്നുകാലികളിലെ ശാസ്ത്രീയമല്ലാത്ത മരുന്നുപ്രയോഗം, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെയും, വിരമരുന്നുകളുടെയും അശ്രദ്ധമായ ഉപയോഗം ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതില്‍തന്നെ കന്നുകാലികള്‍, പ്രത്യേകിച്ച് ആടുകളിലും മറ്റും പല വിരമരുന്നുകള്‍ക്കുമെതിരെയും വിരകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിരബാധയുണ്ടാകുന്ന സമയത്ത് പല മരുന്നും ഫലം കണ്ടെത്താതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. വിരബാധ നിയന്ത്രിക്കാന്‍ ഒരു വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ശാസ്ത്രീയചികിത്സ എന്ന സമീപനമാണ് ഹ്രസ്വ-ദീര്‍ഘ കാലയളവില്‍ ഫലപ്രദമാകുന്നത്.

കന്നുകുട്ടികൾക്ക് ശരിക്കും എപ്പോഴൊക്കെയാണ്, എത്ര തവണയാണ് വിരമരുന്ന് നൽകേണ്ടത് എന്ന് വ്യക്തമായി മനസിലാക്കണം. നിലവിൽ ആദ്യ ഡോസ് കന്നുകുട്ടി പിറന്ന അന്നു മുതൽ 10–15 ദിവസത്തിനുള്ളിൽ നൽകിക്കൊണ്ടിരിക്കുന്നു. പിന്നീട് ആറു മാസം വരെ എല്ലാ മാസവും ചിലപ്പോൾ മൃഗാശുപത്രിയിൽനിന്നോ ചിലപ്പോൾ മെഡിക്കൽ സ്റ്റോറിൽനിന്നോ വാങ്ങി നൽകുന്നു. അതിനു ശേഷവും പല തവണ നൽകുന്നുണ്ട്.എന്നാൽ ഈ വിഷയത്തിൽ വെറ്ററിനറി സർവകലാശാലയിൽനിന്നുള്ള ഏറ്റവും പുതിയ രീതികൾ ഇവയാണ്.

കന്നുകുട്ടികൾ പിറന്നു വീഴുമ്പോൾ മറുപിള്ളയിലൂടെയും പാലിലൂടെയും ഒക്കെ പലതരം വിരകളുടെ കുഞ്ഞുങ്ങൾ ഒരു അമ്മപ്പശുവിൽനിന്നും കന്നു കുട്ടിയുടെ ഉള്ളിൽ കയറിക്കൂടുന്നുണ്ട്. കരൾ, ശ്വാസകോശം പോലെയുള്ള ആന്തരികാവയവങ്ങളിൽക്കൂടി കടന്ന് ക്ഷതമേൽപിച്ചാണ് ഇവ കുടലിൽ എത്തിച്ചേരുന്നത്.

പുതിയ രീതിയിൽ ഈ വിരക്കുഞ്ഞുങ്ങളെ കൊല്ലാൻ പ്രാപ്തിയുള്ള മരുന്നാണ് പത്താം ദിവസം ആദ്യമായിട്ട് നൽകുന്നത്. അടുത്ത ഡോസ് മൂന്നാഴ്ച കഴിഞ്ഞു നൽകണം.

പശുക്കുട്ടി പുല്ലു തിന്ന് തുടങ്ങുന്ന സമയമാണത്. ട്രമറ്റോഡ്, നെമറ്റോഡ്, സിസ്റ്റാഡ് വിഭാഗത്തിൽപ്പെട്ട വിരകൾ എല്ലാംകൂടി പാഞ്ഞെത്തുന്ന സമയമാണിത്. അവയെ പ്രതിരോധിക്കുന്നതിനും ഒരു ബ്രോഡ് സ്പെക്ട്രം വിരമരുന്ന് ശരീരഭാരമനുസരിച്ച് നിങ്ങളുടെ വെറ്റിനറി ഡോക്ടർ നിർദ്ദേശിക്കും. ശരീര ഭാരത്തിന് അനുസരിച്ചാണ് ഡോസ് തീരുമാനിക്കുന്നത് എന്ന കാര്യം ഓർത്തുവയ്ക്കണം.

മഴ തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് അടുത്ത ഡോസ് വിരമരുന്ന് നിർബന്ധമായും നൽകേണ്ടത്. രണ്ടു മഴക്കാലത്തും മഴ തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ തന്നെ ശരീരഭാരത്തിനനുസരിച്ച് നിങ്ങളുടെ ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം മാത്രം വിരമരുന്ന് നൽകണം. അതുപോലെതന്നെ പ്രസവത്തിനു തൊട്ടുമുൻപുള്ള മൂന്നു മാസത്തിലും ഒരു പ്രാവശ്യം വിരമരുന്ന് നൽകണം. ഇത് അമ്മയിൽനിന്നും കുഞ്ഞിലേക്ക് കയറാൻ തയാറായിരിക്കുന്ന വിരകളെ നശിപ്പിക്കും.

പ്രസവത്തിനു മുമ്പ് കൊടുത്തു കഴിഞ്ഞാൽ പിന്നെ പ്രസവം കഴിഞ്ഞ് വേണ്ടെന്നുവയ്ക്കാം. ഇതിനൊക്കെ ഇടയ്ക്ക് വിരകൾ കൂടുതൽ കയറി നമ്മുടെ കിടാവിനെ ശല്യം ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചാണകം പരിശോധിക്കണം. എന്നിട്ട് ആവശ്യമെങ്കിൽ വിരമരുന്ന് നൽകണം. വിര കൂടിയാലുള്ള ലക്ഷണങ്ങൾ എല്ലാവർക്കും അറിയാമല്ലോ വിളർച്ച, വളർച്ചക്കുറവ്, വിശപ്പില്ലായ്മ എന്നിവയൊക്കെയാണ് വിരശല്യത്തിന്റെ ലക്ഷണങ്ങൾ. പലതരം വിരകളാണ് പശുക്കളിലും കന്നുകുട്ടികളിലും കാണുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ഓരോ തരം മരുന്നാണ് നൽകുന്നത്. പ്രായവും ശരീരഭാരവും കണക്കിലെടുത്താണ് ഡോസ് നിർണയിക്കുന്നത്.