Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കണ്ണ് നനയിക്കുന്ന ക്രൂരത ; പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി , വായും നാവും തകർന്ന് ഗർഭിണിയായ ആന ചരിഞ്ഞു

പാലക്കാട് ; വിശന്നു വലഞ്ഞ നിന്ന തന്റെ നേരെ ആഹാരം നീട്ടിയപ്പോൾ അറിഞ്ഞില്ല , അതിൽ മരണത്തിന്റെ മാധുര്യം പുതഞ്ഞിരുന്നത് . സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്ത്തി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്.25ന് പുലർച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തിൽ നിൽക്കുന്ന നിലയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാൽ രക്ഷപ്പെടുത്തുന്നതിനു മുൻപ് ആന ചരിഞ്ഞു.

കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ. 1997ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും സമാനരീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു.

ആന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേർന്നുള്ള കൃഷിയിടങ്ങൾ, സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാൻ കർഷകർ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കിൽ പുഴയിൽ മീൻ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായിൽ മുറിവേറ്റതാകാം. വെള്ളിയാർ പുഴയിലാണ് ചരിഞ്ഞത്.