Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നിത്യപൂജയ്ക്ക് പോലും പണമില്ലാതെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ; പതിനായിരം ക്ഷേത്രങ്ങൾക്ക് സഹായധനവുമായി ക്ഷേത്ര സംരക്ഷണ സമിതി

കോഴിക്കോട് : നിത്യപൂജകള്‍ക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന ക്ഷേത്രങ്ങളെ സഹായിക്കാൻ കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്ര ഭദ്രതാ എന്ന പദ്ധതിയിലൂടെയാണ് കഷ്ടതയനുഭവിക്കുന്ന ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി സഹായം നല്‍കുക. പതിനായിരം ക്ഷേത്രങ്ങളെ സഹായിക്കാനുള്ള സംവിധാനം ഒരുക്കിയതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. ദേവസ്വം ബോർഡിന്റെ കീഴിലല്ലാതെ സംസ്ഥാനത്തുള്ള മിക്ക ക്ഷേത്രങ്ങളും നിലവിൽ വരുമാനമില്ലാതെ പുജകൾ പോലും മുടങ്ങുന്ന നിലയിലാണ് .

ക്ഷേത്ര പൂജാനുഷ്ഠാന കാര്യങ്ങളില്‍ പണ്ഡിതനായിരുന്ന പി.മാധവ്ജിയുടെ 94-)0 ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 9 ന് മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. കോഴിക്കോട് കിളിപ്പറമ്പ് ദേവീക്ഷേത്ര അങ്കണത്തിലാണ് പരിപാടി നടക്കുക.

നിത്യപൂജകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത ക്ഷേത്രങ്ങളെയാണ് സഹായിക്കുക. ഇതിനായി ഭക്തരില്‍ നിന്നും സ്വരൂപിക്കുന്ന കിഴി എന്ന നിലയിലാണ് സഹായം ലഭ്യമാക്കുക. ഓരോ ക്ഷേത്രത്തിനും മൂവായിരം രൂപയുടെ വീതം സാധനങ്ങള്‍ നല്‍കും.

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി രക്ഷാധികാരിയായ 51 അംഗ സമിതിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പൂജാ സാമഗ്രികളുടെ ലഭ്യതക്കുറവുള്ളവര്‍ എല്ലാ ജില്ലകളിലേയും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളെ ബന്ധപ്പെടണമെന്നും സമിതി അറിയിച്ചു.