Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ എങ്ങനെ , എപ്പോഴൊക്കെ നൽകണം

നായ്ക്കുട്ടികളെ ഏറെ ഇഷ്ടമാണെങ്കിലും ഏറെ ഭീതിപരത്തുന്ന രോഗമാണ് പേവിഷബാധ. നമ്മുടെ നാട്ടിൽ പേവിഷബാധ പരക്കുന്നത് പ്രധാനമായും രോഗം ബാധിച്ച നായ്ക്കളുടെ കടിയിലൂടെയാണ്. റാബ്ഡോവൈറസ് വിഭാഗത്തിൽപെട്ടതും വെടിയുണ്ടയുടെ ആകൃതിയിലുള്ളതുമായ ഒരുവൈറസാണ് രോഗഹേതു.

വന്യമൃഗങ്ങളിൽ നിന്നാണിവ നാട്ടിലെത്തുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ വൈറസ് കടിയേറ്റ ഭാഗത്തെ ഞെരമ്പുകളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

പേവിഷബാധയേറ്റ നായ്ക്കൾ രണ്ടുരീതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു.

മൂകരൂപം: ഈ രോഗാവസ്‌ഥയിൽ നായ്ക്കൾ പൊതുവെ ശാന്തസ്വഭാവക്കാരായിരിക്കും. തീറ്റയെടുക്കാതിരിക്കുക, കീഴ്ത്താടി തൂക്കിയിട്ട് വായിൽ നിന്നും നുരയും പതയും ഒഴുകിവരിക എന്നിവയാണ് മറ്റ് പ്രധാനലക്ഷണങ്ങൾ. നായ വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും സാധിക്കുകയില്ല. ഇത്തരം നായ്ക്കൾ ഉടമയോട് കൂടുതൽ അനുസരണ കാണിക്കുകയും മുഖത്തും ശരീരത്തിലും നക്കുകയും ചെയ്യും. അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഈച്ചയെ കടിച്ചു പിടിക്കുന്ന പോലെ കാണിക്കുന്നത് ഒരു പ്രത്യേകതയാണ്. അവസാനഘട്ടത്തിൽ തളർന്നു കിടന്നു പോവുകയും മരണപ്പെടുകയും ചെയ്യുന്നു.

ക്രൂദ്ധരൂപം: ഇതിൽ നായ ആക്രമകാരിയായി മാറുന്നു. കണ്ണുകൾ ചുവന്ന് വായിൽ നിന്നും ഉമിനീരൊലിപ്പിച്ച് ദിശാബോധമില്ലാതെ ഓടുന്നതു കാണാം. ഒരു പ്രകോപനവുമില്ലാതെ വഴിയിൽ കണ്ടതിനെയെല്ലാം കടിക്കുന്നു. ഇങ്ങിനെ ഓടിതളർന്ന് 3–4 ദിവസങ്ങൾക്കകം നായ മരണപ്പെടുന്നു. ശബ്ദനാളത്തിന്റെ നാഡിയുടെ തളർച്ച കാരണം കുരയ്ക്കുമ്പോൾ ശബ്ദം വ്യത്യാസപ്പെട്ടിരിക്കും.

പ്രതിരോധ കുത്തിവയ്പുകൾ

ജനിച്ച് 42 ദിവസമാകുമ്പോൾ പാർവോ വൈറസ്, കനൈൻസിസ്റ്റംബർ, ലെസ്റ്റോ സ്പെറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം. ഈ അസുഖങ്ങൾക്കെല്ലാം ചേർന്ന ഒറ്റ വാക്സിൻ ലഭ്യമാണ്.

70 ദിവസമാവുമ്പോൾ ആദ്യം ചെയ്ത വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണം .

90 ദിവസമാവുമ്പോൾ വാക്സിൻ ആവർത്തിക്കണം. തുടർന്ന് വർഷം തോറും ഇതേ വാക്സിൻ തന്നെ നൽകണം.

പേവിഷത്തിനെതിരെയുള്ള ആദ്യത്തെ പ്രതിരോധ കുത്തിവയ്പ് ആറാം ദിവസം

വിര മരുന്ന്

രണ്ടാമത്തെ ആഴ്ചയിൽ വിരയിളക്കാൻ മരുന്ന് നൽകണം. പിന്നീട് ഓരോ രണ്ടാഴ്ചകളിലെ ഇടവേളകളിൽ മൂന്നുമാസം വരെ നൽകണം. തുടർന്ന് ഓരോ മൂന്നാഴ്ച കൂടുമ്പോഴും നൽകണം. പൂർണ വളർച്ചയെത്തിയ നായ്ക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ വിര മരുന്ന് നൽകണം.

പ്രതിരോധ കുത്തിവയ്പുകൾ നൽകുമ്പോൾ

1. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം വേണം പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുവാൻ.
2. അസുഖാവസ്‌ഥയിലും ആരോഗ്യമില്ലാത്ത സാഹചര്യത്തിലും കുത്തിവയ്പ്പിനെതിരേ ശരീരം
വേണ്ട രീതിയിൽ പ്രതികരിക്കാനിടയില്ലാത്തതിനാൽ പ്രതിരോധശക്‌തി ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്.
3. കുത്തിവയ്പ്പിനുശേഷം പൂർണ പ്രതിരോധശക്‌തി കൈവരിക്കുവാൻ രണ്ടു മുതൽ മൂന്ന് ആഴ്ച സമയം വേണ്ടിവരും. ഈ കാലഘട്ടത്തിൽ പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
4. നിർമാണം മുതൽ കുത്തിവയ്പ്പ് വരെ വാക്സിൻ തണുപ്പ് നഷ്ടപ്പെടാതെ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. ഗുണമേന്മയുള്ള വാക്സിൻ ഡോക്ടറുടെ സഹായത്തോടെ നൽകുക