Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ശബരിമലയിൽ നടത്തിയത് കോടികളുടെ ക്രമക്കേട് ; വ്യാജ ബിൽ നൽകി തട്ടിയെടുത്തത് 1.87 കോടി ; തെളിവുകൾ സഹിതം റിപ്പോർട്ട് നൽകി അന്വേഷണ കമ്മീഷൻ

തിരുവനന്തപുരം : മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ശബരിമലയിൽ നടത്തിയത് 1.87 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തി അന്വേഷണ കമ്മിഷന്‍ . 2013 മുതൽ 2015 വരെയുള്ള തീർത്ഥാടന കാലത്ത് ശബരിമലയിൽ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങി എന്ന പേരിലാണ് അന്നത്തെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ആയിരുന്ന ജയകുമാർ 1.87 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്.

സംഭവത്തില്‍ വി എസ് ജയകുമാറിനെതിരേ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തി . അഴിമതി അന്വേഷിച്ച മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാര്‍ എംഎല്‍എയുടെ സഹോദരനാണ് ജയകുമാര്‍. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ പഴയപാത്രങ്ങൾ ആവശ്യത്തിലധികമായി ഉള്ളപ്പോൾ പുതിയത് വാങ്ങി എന്ന വ്യാജ രേഖ ചമച്ചാണ് ഇദ്ദേഹം ക്രമക്കേട് നടത്തിയത് .

കരുനാഗപ്പള്ളിയിലെയും തിരുവനന്തപുരത്തെയും ചില സ്ഥാപനങ്ങളുടെ പേരിലുള്ള ബില്‍ ഹാജരാക്കി തുക തട്ടിയെടുത്തുവെന്നാണ് ആരോപണം. അഴിമതി പിടിക്കപ്പെടാതിരിക്കാൻ ബന്ധപ്പെട്ട ഫയലുകൾ ജയകുമാർ നശിപ്പിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാറുകാർക്ക് പണം നൽകിയത്.ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നേരത്തേ ക്രമക്കേട് കണ്ടെത്തിയത്.ദേവസ്വം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തിലും ജയകുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ കാലത്താണ് ജയകുമാറിനെതിരെയുളള അഴിമതി പുറത്തുവന്നത്. തുടര്‍ന്നു വന്ന ബോര്‍ഡ് ഭരണസമിതിയാണ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിച്ചത്.

അന്വേഷണത്തില്‍ സഹകരിക്കാതെ പ്രതിക്ക് സഹായകമായ നിലപാടെടുത്ത ബോര്‍ഡിലെ ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്റ്റര്‍ സുദര്‍ശനന്‍, റിട്ട. ജോയിന്റ് ഡയറക്റ്റര്‍ വേലപ്പന്‍ നായര്‍ക്കെതിരേ നടപടിക്കും ശുപാര്‍ശ ചെയ്തു.