Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ആക്രമണം ഉണ്ടായാൽ തിരിച്ചടി ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡറെ മാറ്റി ചൈന

ന്യൂഡൽഹി : എന്തിനും സജ്ജമാണെന്ന മുന്നറിയിപ്പ് ഇന്ത്യ നൽകിയതിനു പിന്നാലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമാന്‍ഡറെ മാറ്റി ചൈന. ലഫ്. സൂ ക്വിലിംഗിനെയാണ് പുതിയ കമാന്‍ഡറായി നിയമിച്ചത്. ഇന്ന് ഇരു രാജ്യങ്ങളുടേയും ലഫ്റ്റനെന്റ് ജനറല്‍മാര്‍ അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ച നടത്താനിരിക്കെയാണ് ചൈനയുടെ ഈ പുതിയ നീക്കം.

ജൂണ്‍ ഒന്നിന് സൂ വിനെ സൈനിക കമാന്‍ഡറായി നിയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.നേരത്തെ ഇന്ത്യാചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മേജര്‍ തല ചര്‍ച്ചകളാണ് പതിവ്.

എന്നാല്‍ ഇത്തവണ ലഫ്റ്റനെന്റ് ജനറല്‍ തല ചര്‍ച്ച വെച്ചതും നിര്‍ണായക നീക്കതിന്റെ ഭാഗമാണ്. നാളെ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ 14 സൈനികരാണ് ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ ചൈനയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ചൈനീസ് യുദ്ധ വിമാനങ്ങള്‍ അക്‌സായ് ചിന്‍ പ്രദേശത്ത് വട്ടമിട്ടു പറക്കുന്നതായി ഇന്ത്യയുടെ ശ്രദ്ധയില്‍ പെട്ടത്തോടെ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ സേന വിന്യാസം ശക്തമാക്കുകയും , സുഖോയ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു .

മാത്രമല്ല ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും , 1962 ലെ ഇന്ത്യയല്ല ഇന്ന് ഉള്ളതെന്നും മുന്നറിയിപ്പ് നൽകി.ഇതിനു പിന്നാലെ ഉത്തരാഖണ്ഡ്, സിക്കിം മേഖകളിലും മറ്റ് നിയന്ത്രണ രേഖകളിലും കൂടുതല്‍ സൈനികരെ വിന്യസിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ നാളെ നടക്കുന്ന ചര്‍ച്ചയില്‍ ചൈനയുടെ സൈന്യം പിന്മാറണമെന്നും , യുദ്ധസാമഗ്രികളും , പോർവിമാനങ്ങളും പിൻ വലിക്കണമെന്നുമുള്ള ഉപാധികള്‍ ഇന്ത്യ മുന്നോട്ട് വെക്കും. ടി72,ടി90 ടാങ്ക്,ബോഫോഴ്‌സ് തുടങ്ങിയ പീരങ്കികള്‍ ലഡാക് അതിര്‍ത്തിയില്‍ വിന്യസിക്കാനായി കേന്ദ്രം അനുമതി നല്‍കിയിരുന്നു.