Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ; തിങ്കൾ മുതൽ സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റ് , ജലദോഷപ്പനി ഉള്ളവർക്കടക്കം പരിശോധന

തിരുവനന്തപുരം : രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് ആദ്യമായി രക്തപരിശോധനയിലൂടെ കോവിഡ്ബാധ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും. ജലദോഷപ്പനി അടക്കമുള്ളവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് നടത്തും . ആദ്യഘട്ടത്തിൽ പതിനായിരം പേരിൽ പരിശോധന നടത്തും.

സമൂഹവ്യാപനം ഉണ്ടോയെന്ന് അറിയാനാണ് ആന്റി ബോഡി പരിശോധന. ഗുരുതര ശ്വാസകോശ രോഗമുള്ളവർ, ജലദോഷപ്പനിയുള്ള ആശുപത്രികളിലെ കിടപ്പ് രോഗികൾ, ചികിൽസയ്ക്കായി കൺടെയ്മെന്റ് സോണിൽ നിന്ന് വരുന്നവർ, അതിഥി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, തുടങ്ങിയവരെ പരിശോധിക്കണം.

വിരൽ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയിൽ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഫലമറിയാം. കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കും. മുമ്പ് രോഗബാധയുണ്ടായോ എന്നും ഈ ആന്റിബോഡി പരിശോധനയിലൂടെ തിരിച്ചറിയാം. കൺടെയ്ന്റ്മെന്റ് സോണിലുള്ളവർ, മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർ തുടങ്ങിയവരെ പരിശോധിക്കും.

നിലവിൽ 14000 കിറ്റുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ കിറ്റുകളെത്തുന്നതോടെ ആന്റിബോഡി പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവരെ 79074 പുതിയ സാംപിളുകളും സമൂഹവ്യാപന പരിശോധനയുടെ ഭാഗമായി 19650 സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പുതിയ പരിശോധനാ മാർഗരേഖയും പുറത്തിറക്കി. ചികിൽസ തേടുന്നവരിൽ ജലദോഷ പനിയുള്ള ഗർഭിണികൾ , 60 വയസ് കഴിഞ്ഞവർ എന്നിവരേയും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളേയും നിർബന്ധമായും പരിശോധിക്കും.