Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ ; വിവിധ രാഷ്ട്രത്തലവന്മാരുമായി മോദിയുടെ ചർച്ച , ഇന്ത്യ-ചൈന സൈനികതല യോഗത്തെ ഉറ്റുനോക്കി ലോകം

ന്യൂഡൽഹി ; ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ. നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ ഇരു രാജ്യങ്ങളും ഇന്ന് സൈനികതല ചർച്ചകൾ നടത്താനിരിക്കെ ദിവസങ്ങൾക്ക് മുൻപ് തന്നെ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധനാമന്ത്രി നരേന്ദ്രമോദി ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്.

ലോകത്തെ പ്രധാന ശക്തികളുമായി നയതന്ത്ര ബന്ധം ഉറപ്പിക്കാനാണ്‌ ഇന്ത്യ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. 20 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ – ചൈന വിഷയം യുഎസ് പ്രസിഡന്റുമായി ചർച്ച ചെയ്തതായി ഇന്ത്യ വെളിപ്പെടുത്തുന്നത്.

ഇപ്പോൾ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്‌ല റഷ്യൻ അംബാസിഡർ നികോള കുദാശേവുമായി നടത്തിയ ചർച്ചയിൽ അതിർത്തിയിൽ പുതിയ ഇടപെടലുകൾ വിശദീകരിച്ചു. ചൈനയുമായുള്ള ബന്ധം വെട്ടിച്ചുരുക്കാന്‍ യുഎസ്, യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തയാറെടുക്കുകയും ഈ രാജ്യങ്ങളുമായി ഇന്ത്യ അടുക്കുകയും ചെയ്യുന്നതാണ് ചൈനയെ അലോസരപ്പെടുത്തുന്നത്.

മാര്‍ച്ച് മുതല്‍ യുഎസ് നേതൃത്വം നല്‍കുന്ന ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യ കൂടുതല്‍ അടുത്തു തുടങ്ങി. എല്ലാ ആഴ്ചയിലും ഈ രാജ്യങ്ങള്‍ പരസ്പരം ബന്ധപ്പെടുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹകരിക്കുകയും ചെയ്യുന്നുണ്ട്. വ്യാഴാഴ്ച മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ചര്‍ച്ച നടത്തി പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടുമെന്നാണു സൂചന. ഇന്ത്യയുടെ സാധാരണ സുരക്ഷാ സംവിധാനങ്ങളെ തകർക്കാൻ ചൈന ശ്രമിക്കുകയാണെന്നു ലോകരാഷ്ട്രങ്ങളെ ബോധിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

നേരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് ഇടപെടാമെന്ന വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. ചൈനയുമായി സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു നീക്കമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎസിനെ അറിയിച്ചത്.

ചൈനയും ഇതേ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയും ചൈനയുമായി സംസാരിക്കാൻ ആരോഗ്യപരമായ നിരവധി സാഹചര്യങ്ങൾ ഉണ്ടെന്നും ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിന് പ്രാപ്തരാണെന്നും അതിൽ മൂന്നാമതൊരു ശക്തിയുടെ ആവശ്യമില്ലെന്നുമാണ് ചൈനയുടെയും നിലപാട്.