Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

77 ദിവസങ്ങൾക്ക് ശേഷം തിരുനടയിൽ മംഗല്യം ; കല്യാണം കാണാൻ എഴുന്നള്ളിയ ഗുരുവായൂരപ്പൻ

ഗുരുവായൂർ ; 77 ദിവസങ്ങൾക്ക് ശേഷം കണ്ണന്റെ തിരുനട മംഗല്യങ്ങൾക്ക് വേദിയായി . കൊല്ലം ചന്ദനത്തോപ്പ് പുതുപ്പുരയ്ക്കൽ അരവിന്ദാക്ഷന്റെയും ശാന്തയുടെയും മകൻ അരുൺ തൃശൂർ പെരിങ്ങാട് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ പരേതനായ ബാലചന്ദ്രന്റെയും മഞ്ജുളയുടെയും മകൾ അല ബി. ബാലയെന്ന പിന്നണി ഗായികയ്ക്കു താലി ചാർത്തി.

ആദ്യ കല്യാണം കാണാൻ ഗുരുവായൂരപ്പൻ പുറത്തിറങ്ങി നിന്നു എന്നുതന്നെ പറയാം. കിഴക്കേ നടയിലെ കല്യാണ മണ്ഡപത്തിൽ താലി കെട്ടുമ്പോൾ ശീവേലി പൂർത്തിയാക്കി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് ആനപ്പുറത്തു നിന്നിറക്കുകയായിരുന്നു. കല്യാണ മണ്ഡപത്തിനു സമീപത്തെ ഗേറ്റിൽ നിന്നു നോക്കിയാൽ ശ്രീലകം നിറയെ കത്തിച്ച വിളക്കുകൾ കാണാം. ഗുരുവായൂരപ്പന്റെ പ്രഭാവലയത്തിലെ തിളക്കം കാണാം.

താലി എടുക്കുന്നതിനു മുൻപു വരന്റെ കൈകളിൽ കാർമികൻ സാനിറ്റൈസർ സ്പ്രേ ചെയ്തു. വധു തല കുനിക്കുമ്പോൾ വലതു കൈകൊണ്ടു മാസ്ക് ഒരു നിമിഷത്തേക്കു മാറ്റി. താലി കെട്ടി തല ഉയർത്തുമ്പോൾ മാസ്ക് തിരിച്ചുവച്ചു.

മണ്ഡപം അണുവിമുക്തമാണെന്നു സുരക്ഷാ ജീവനക്കാർ വീണ്ടും ഉറപ്പാക്കി. പൂജാ ദ്രവ്യങ്ങൾക്കടുത്തു സാനിറ്റൈസറും ഉണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുടെ അകമ്പടിയോടെ വരനും വധുവെത്തി. ആകെ 10 പേർ മാത്രം. അവരെ ആദ്യം മേൽപുത്തൂർ ഓഡിറ്റോറിയത്തിലിരുത്തി. ഇരിക്കും മുൻപു അവിടെയും അണുവിമുക്തമാക്കി.

കല്യാണത്തിനു വന്നവരെ വരിയായി നിർത്തി. ആദ്യം വരനും വധുവുമെത്തി. പിന്നിൽ ബന്ധുക്കൾ. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി. ഓരോരുത്തരെയായി മണ്ഡപത്തിലേക്കു കയറ്റി. കൃത്യം 6.43നു ശീവേലി പൂർത്തിയാക്കി ഗുരുവായൂരപ്പന്റെ തിടമ്പിറക്കി അകത്തേക്ക് എഴുന്നള്ളിച്ചു.

പുറത്തെ മണ്ഡപത്തിൽ പുതിയ ജീവിതത്തിലേയ്ക്ക് കാൽ വച്ച് അരുണും , അലയും .