Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മലയാളികൾ വന്നില്ലെങ്കിൽ , അന്ന് മലയാളക്കരയിലേക്ക് എത്തുമെന്ന് സത്യം ചെയ്ത മൂകാംബിക ദേവി

കുടജാദ്രിയുടെ താഴ്‌വാരത്തിൽ സൗപർണികയുടെ തലോടലേറ്റാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇഷ്ടസ്ഥലമാണ് ഈ ക്ഷേത്രം . ആയിരത്തി ഇരുനൂറിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന ക്ഷേത്രസങ്കേതം ഒരിക്കലും വിശ്വാസത്തിന്റെയും ആരാധനയുടെയും ഇടം മാത്രമല്ല.അതു കാണേണ്ട ആസ്വദിക്കേണ്ട ചരിത്രം കൂടിയാണ്.

മനസിൽ തോന്നുമ്പോൾ എത്താൻ കഴിയുന്ന ഒരു സ്ഥലമല്ല മൂകാംബിക ക്ഷേത്രമെന്ന ഒരു ഐതിഹ്യം കൂടി ക്ഷേത്രത്തെ സംബന്ധിച്ചിട്ടുണ്ട്. എത്രയൊക്കെ ആസൂത്രണം ചെയ്താലും ക്ഷേത്രത്തിൽ എത്തണമെങ്കിൽ ദൈവാനുഗ്രഹം കൂടി വേണം.ഒരു ദിവസം മലയാളികൾ ആരെങ്കിലും ഈ ക്ഷേത്രത്തിൽ വരാതെയിരുന്നാൽ അന്ന് കൊല്ലൂർ ദേവി മലയാളക്കരയിലേക്ക് വരുമെന്ന സങ്കല്പം പ്രസിദ്ധമാണ്. എന്നാൽ മലയാളികളുടെ പ്രിയ ക്ഷേത്രത്തിൽ അങ്ങനെയൊരു ദിവസം ഇതുവരെയുണ്ടായിട്ടില്ല.

തുളുനാട്ടിൽ കൊല്ലൂർഗ്രാമത്തിന്റെ മധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടുവില്‍ സ്വര്‍ണരേഖയുള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയുടെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളുണ്ട്. ഇടതു വശത്ത്‌ ത്രിമൂര്‍ത്തികൾ സ്ഥിതി ചെയ്യുന്നുവെന്നാണു സങ്കല്‍പം.സ്വയംഭൂലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്.

ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. നാലുവശവും നിരവധി മലകളാണ്. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ. വലം‌പിരി ഗണപതി ഭഗവാന്റെ ഒരു ചെറു ക്ഷേത്രം തെക്കുകിഴക്ക് ഭാഗത്തുണ്ട്. അതിനടുത്തായാണ് തന്ത്രിമാരുടെ താമസസ്ഥലവും.

ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്

കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണ്‌ മുൻപ് അറിയപ്പെട്ടിരുന്നത്‌.കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തെക്കുറിച്ച് ഐതീഹ്യങ്ങള്‍ നിരവധിയാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലനരികിലാണ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ തപസ്സിനിരുന്നതെന്നു വിശ്വസിക്കപ്പെടുന്നുണ്ട്. കുടജാദ്രിയിലാണെന്ന് മറ്റൊരു വാദവുമുണ്ട്. ശങ്കരാചാര്യന്‍ നിര്‍ദേശിച്ച പ്രകാരമാണ്‌ ഇന്നും ക്ഷേത്രത്തിലെ പൂജാവിധികള്‍ നടത്തുന്നത്‌.

ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്. ആദിശങ്കരന്‍ നടത്തിയ തപസില്‍ സം‌പ്രീതയായി ദേവി പ്രത്യക്ഷപ്പെടുകയും ദര്‍ശനത്തില്‍ കണ്ട അതേ രൂപത്തില്‍ തന്നെ സ്വയംഭൂവിനു പുറകില്‍ ദേവിയുടെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഈ ഐതീഹ്യം. പരശുരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നും ഐതീഹ്യമുണ്ട്.

ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചു. ഈ ആഗ്രഹം സമ്മതിച്ച ദേവി ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ ാന്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും വ്യവസ്ഥയും വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിച്ചു. തുടര്‍ന്ന് ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നും ഐതീഹ്യമുണ്ട്.

കോല മഹര്‍ഷി എന്ന സന്യാസവര്യൻ ദേവിയെ പ്രീതിപ്പെടുത്താനായി സൗപർണികാ തീരത്ത് തപസനുഷ്ഠിച്ചെന്നും ഇതേസമയം മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇവിടെ തപസ്സുചെയ്തെന്നും കഥയുണ്ട്. അസുരന്‍റെ കൊടും തപസ്സില്‍ സം‌പ്രീതനായി കൈലാസനാഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാന്‍ കഴിയാത്ത വിധത്തില്‍ അസുരനെ പാര്‍വതി ദേവി മൂകനാക്കി മാറ്റി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ ദേവിയെ തപസു ചെയ്തിരുന്ന കോല മഹര്‍ഷിക്ക് നേരെ തിരിഞ്ഞു. ഒടുവില്‍ ഭക്തനെ രക്ഷിക്കാനായി മൂകാസുരനെ വധിച്ച ദേവി മഹര്‍ഷിയുടെ അപേക്ഷ അനുസരിച്ച് അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു മറ്റൊരു സങ്കല്‍പം.

108 ശക്‌തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ്‌ ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്‌തി സാന്നിധ്യവും ഈ ക്ഷേത്രത്തെ മറ്റ് ആരാധനാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആ‍രംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്. അവിടെ സ്വർണ്ണക്കൊടിമരവും ഏതാണ്ടത്ര തന്നെ വലുപ്പമുള്ള ദീപസ്തംഭവും കാണാം. കന്നഡ ശൈലിയിലാണ് കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ‘സ്തംഭഗണപതി’യുണ്ട്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.

സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ ‘സരസ്വതീമണ്ഡപം’. സരസ്വതീദേവിയുടെ വിഗ്രഹമുള്ള ഇവിടെ ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരം കുറിക്കാനും നൃത്തസംഗീതമികവുകൾ പ്രകടിപ്പിക്കാനും എത്താറുണ്ട്. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.

കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. വീരഭദ്രന്റെ ശ്രീകോവിലിന് മുന്നിൽ ഒരു തുളസിത്തറയുണ്ട്.

ക്ഷേത്രത്തിൽ പോകാൻ സൗപർണികയിൽ കുളിക്കണമെന്നത് നിർബന്ധമായും ഭക്തർ പാലിക്കുന്ന അനുഷ്ഠാനമാണ്. പുണ്യനദിയെന്ന് കൂടി അറിയപ്പെടുന്ന സൗപണിക, അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടുതന്നെ സൗപര്‍ണിക നദിയിലെ കുളി സര്‍വ്വരോഗനിവാരണത്തിനും ഉത്തമമാണെന്ന് കരുതി പോരുന്നു.