Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മൂന്നാം ദിവസവും മൂന്നക്കം കടന്നു ; സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടി കോവിഡ് , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് തുടര്‍ച്ചയായ മൂന്നാംദിവസമാണ്. നാളെ കൂടുതല്‍ ഇളവുകളിലേക്ക് സംസ്ഥാനം കടക്കാനിരിക്കെയാണ് രോഗികളുടെ എണ്ണത്തില്‍ ഈ വന്‍ വര്‍ധന.

രോഗം സ്ഥിരീകരിച്ചവരിൽ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ നിരീക്ഷണത്തിലുളള രണ്ടു ലക്ഷത്തോളം‍പേര്‍ ക്വാറന്‍റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള വെല്ലുവിളി. സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ ദ്രുതപരിശോധന തുടങ്ങും.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സമയത്തേക്കാളും ഗുരുതരമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് കൂടുതല്‍ ഇളവുകള്‍ വരുന്നത്. തുടര്‍ച്ചയായ 3 ദിവസങ്ങളില്‍ നൂറിലധികം പുതിയ രോഗികള്‍.

ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള പാലക്കാട്ട് സമ്പർക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. കോവിഡ് ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രോഗബാധിതരായത്.

ഉറവിടമറിയാത്ത രോഗബാധിരും മരണവുമുണ്ടായ കണ്ണൂര്‍, കൊല്ലം ജില്ലകളിലും കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് വിലയിരുത്തല്‍.