Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മൂവാറ്റുപുഴയിൽ വധശ്രമം ; സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി : സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറ സ്വദേശി അഖില്‍ ശിവന് (19) ആണ് പരിക്കേറ്റത്. ഇടതു കൈപ്പത്തിക്ക് മുകളിൽ വെട്ടേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണ്‍ ബാബുവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 22 കാരനായ യുവാവിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം 6.15 ഓടെ മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്‍പിലായിരുന്നു സംഭവം. സമീപത്തെ കടയില്‍ നിന്നും മാസ്‌ക് വാങ്ങാന്‍ അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ യുവതിയുടെ സഹോദരന്‍ മറ്റൊരു ബൈക്കിലെത്തി വിളിച്ചിറക്കി. അടുത്തേക്ക് ചെന്നപ്പോള്‍ വടിവാളുകൊണ്ട് അഖിലിനെ ഇയാള്‍ വെട്ടുകയായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അരുണിന് പരിക്കേറ്റത്. ഇരുവരെയും ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൈ തുന്നിച്ചേര്‍ക്കുന്നതിനായി അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഖിലിനെ വെട്ടിയ ശേഷം യുവതിയുടെ സഹോദരന്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സഹോദരനൊപ്പം മറ്റൊരാള്‍ കൂടി സഹായത്തിനായി ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.