Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇന്ത്യൻ സൈന്യത്തെ വെല്ലുവിളിച്ച് ചൈന ; അതിർത്തിയിലെ ദ്രുത നീക്കത്തിന്റെ വിഡിയോ പുറത്ത് വിട്ടു

ന്യൂഡൽഹി ; അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാൻഡർമാരുടെ യോഗത്തിൽ ധാരണയായതിനു പിന്നാലെ ദ്രുതനീക്കവുമായി ചൈനീസ് പ്രകോപനം.

അതിർത്തിയിൽ സേനാംഗങ്ങളെ ദ്രുതഗതിയിൽ വിന്യസിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ചൈനയുടെ പ്രകോപനം. കഴിഞ്ഞ മേയ് 14നു നടത്തിയ സേനാഭ്യാസത്തിന്റെ വിഡിയോ ദൃശ്യങ്ങളാണിത്. മധ്യ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിൽ നിന്നു വടക്കു പടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശത്തേക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സേനാംഗങ്ങളെ വിന്യസിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.

സേനാംഗങ്ങളെ വിമാനമാർഗവും ടാങ്ക്, സായുധ വാഹനങ്ങൾ എന്നിവയടക്കമുള്ള സന്നാഹങ്ങൾ ട്രെയിനിലുമാണ് എത്തിച്ചത്. ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാനുള്ള തന്ത്രമാണിതെന്നും ഇത്തരം രീതികൾ ചൈന മുൻപും പരീക്ഷിച്ചിട്ടുണ്ടെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കടന്നുകയറ്റം ലക്ഷ്യമിട്ട് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്, അതിർത്തിയോടു ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ചൈനയും. ഈ വിഷയങ്ങളിൽ പരിഹാരം ലക്ഷ്യമിട്ടുള്ള ചർച്ചകളാവും വരും ദിവസങ്ങളിൽ നടക്കുക.

ഉഭയകക്ഷി കരാറുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള ധാരണകളുടെയും അടിസ്ഥാനത്തിൽ പ്രശ്നം സമാധാനപരമായി പരിഹരിക്കേണ്ടതുണ്ടെന്നു സേനാ കമാൻഡർമാർ ചൂണ്ടിക്കാട്ടിയതായി ഇന്നലെ രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു . നയതന്ത്ര, സേനാതലങ്ങളിൽ ചർച്ചകൾ തുടരും.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ചുഷൂൽ സെക്ടറിൽ ചൈനീസ് മേഖലയിലുള്ള മോൾഡോയിൽ ഇന്ത്യൻ കരസേനാ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനീസ് സേനാ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ ശനിയാഴ്ച നടത്തിയ ചർച്ചയ്ക്കു ശേഷമുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. അതേസമയം, ഇക്കാര്യത്തിൽ ചൈന മൗനം പാലിക്കുകയാണ്.

നയതന്ത്ര ബന്ധം ദൃഢമാക്കാൻ എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നു സേനാ കമാൻഡർമാർ അഭിപ്രായപ്പെട്ടു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ കേണൽ, ബ്രിഗേഡിയർ തലങ്ങളിൽ അതിർത്തിയിൽ സേനാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.