Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മഴക്കാലത്തെ പച്ചക്കറി കൃഷിയും , കീടാക്രമണത്തെ ചെറുക്കാനുള്ള മാർഗങ്ങളും

പച്ചക്കറി ലഭ്യത തീരെക്കുറഞ്ഞ സമയമാണ് മഴക്കാലം. ഒന്നാം വിള നെൽകൃഷിയുടെ സമയമായതിനാലും കാലവർഷമായതിനാലും കൃഷി പരിമിതമായുള്ള സമയം. ഒട്ടുമിക്ക പച്ചക്കറി വിളകളും വർഷകാലത്തിനും അനുയോജ്യമാണ്.

വെണ്ട

വിത്തുകൾ 24 മണിക്കൂർ കുതിർത്ത ശേഷം നേരിട്ട് ഗ്രോ ബാഗിലോ , ചട്ടിയിലോ പാകി വളർത്താം . നന പ്രധാനമാണ് . വെള്ളീച്ച പരത്തുന്ന വൈറസ് രോഗമാണ് വെണ്ടയിലെ പ്രധാന വില്ലൻ . ഇതിനു മഞ്ഞക്കെണിയും , വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും ഉപയോഗിക്കാം . നട്ട് 45-)0 ദിവസം വെണ്ട വിളവെടുക്കാം .

പയർ

കുതിർത്ത വിത്തുകൾ പാകി പന്തലിൽ പടർത്തി വളർത്താം . മുഞ്ഞയാണ് പ്രധാന ശത്രു . ആവണക്കെണ്ണ കൂട്ട് ഇതിനു ഫലപ്രദമാണ് . തണ്ടുപുഴുക്കൾക്കെതിരെ വേപ്പെണ്ണ എമൽഷെൻ ഉപയോഗിക്കാം .നട്ട് അൻപതാം ദിവസം മുതൽ പയർ പറിച്ച് തുടങ്ങാം .

വഴുതന

ഒരു മാസം പ്രായമായതൈകൾ പറിച്ച് നട്ടാണ് കൃഷി . ആവശ്യമെങ്കിൽ താങ്ങ് നൽകണം . കായും ,തണ്ടും തുരക്കുന്ന പുഴുക്കളും നീരുറ്റിക്കുടിക്കുന്ന പ്രാണികളുമാണ് പ്രധാന ശത്രുക്കൾ . ഇതിനായി വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം . വാട്ടരോഗത്തിനു പ്രതിരോധമെന്ന നിലയിൽ തൈകൾ 15 മിനിട്ട് സ്യൂഡോമോണാസ് ലായനിയിൽ മുക്കി വയ്ക്കണം .രണ്ട് മാസം കഴിഞ്ഞാൽ കായകൾ പറിച്ചെടുക്കാം . കുറ്റിവിള സമ്പ്രദായം ആണെങ്കിൽ ഒരു വർഷത്തോളം വിളവെടുക്കാം

മുളക്

ഒരു മാസം പ്രായമായ തൈകൾ ഗ്രോ ബാഗിലോ , മണ്ണിലോ പറിച്ച് നടാം . സ്യൂഡോമോണാസ് ലായനിയിൽ 15 മിനിട്ട് മുക്കി വച്ച ശേഷം മാത്രം നടുക. സംയോജിത കീടനിയന്ത്രണ മാർഗങ്ങൾ അവലംബിക്കാം . വേപ്പധിഷ്ഠിത കീടനാശിനികൾ , വേർട്ടിസലിയം എന്നിവ ഉപയോഗിക്കാം .

പാവൽ

വിത്ത് നട്ടാല്‍ പടവലം, ചുരങ്ങ എന്നിവപോലെത്തന്നെ മുളയ്ക്കാന്‍ താമസിക്കുന്ന വിത്താണ് മുളവന്നാല്‍ ശരിക്കും നന കിട്ടിയാല്‍ ഒരാഴ്ചകൊണ്ട് ചെടിവളര്‍ന്നു പന്തലില്‍ കയറും.

കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകള്‍, വെള്ളീച്ച, കായ്തുരപ്പന്‍പുഴു എന്നിവയാണ് പാവലിനെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. വേരുചീയല്‍ രോഗം, മൊസൈക്ക്‌രോഗം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍.

കായ ചെറുതായി വന്നുതുടങ്ങുമ്പോള്‍ത്തന്നെ പോളിത്തീന്‍ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിള്‍ കുത്തിയോ അവയെ സംരക്ഷിച്ചാല്‍ ഇലതീനിപ്പുഴു, കായ്തുരപ്പന്‍ പുഴു എന്നിവയില്‍ നിന്ന് സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാന്‍ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണി എന്നിവയും വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം എന്നിവയും തളിച്ചുകൊടുക്കാം

വിത്ത് പാകി 2 മാസം കഴിയുമ്പോൾ വിളവെടുക്കാം

കോവൽ

ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. പടര്‍ന്നുവളരുന്ന ഇതിന്‍റെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. നല്ല കായ്പിടുത്തമുള്ള ചെടികളില്‍നിന്ന് ശേഖരിക്കുന്ന ചാരനിറവും, 30-40 സെ.മീ. നീളവുമുള്ള തണ്ടുകളാണ് നടീലിന് ഉപയോഗിക്കുന്നത്. ഇവയ്ക്ക് മൂന്നു മുട്ടുകളെങ്കിലും വേണം.

കോവലിലും മൊസൈക്ക് രോഗം പ്രധാന പ്രശ്നമാണ്. രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ തടിച്ച്, വളഞ്ഞ് രൂപമാറ്റം സംഭവിക്കുന്നു. ക്രമേണ ചെടി നശിച്ചു പോകുന്നു. രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതമോ വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ ഉപയോഗിക്കാവുന്നതാണ്.

2-3 മാസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ ഉണ്ടാകും. പൂവിരിഞ്ഞ് 10-15 ദിവസത്തിനുള്ളില്‍ കായ്കള്‍ പറിച്ചെടുക്കാം. കോവല്‍ചെടികള്‍ രണ്ടാംവര്‍ഷവും നില്‍ക്കുകയാണെങ്കില്‍ മഴക്കാലത്തോടെ കായ്കള്‍ ഉണ്ടായിക്കഴിഞ്ഞ വള്ളികള്‍ മുറിച്ചുമാറ്റി ബലമുള്ള തണ്ടുകള്‍ മാത്രം നിലനിര്‍ത്തി പന്തല്‍ ക്രമീകരിക്കണം.