Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

താറാവിനെ വളർത്താം ; മുട്ടയ്ക്കും ഇറച്ചിക്കും

താറാവ് കൃഷിയിലൂടെ ലാഭം കൊയ്യുന്ന നിരവധി കര്‍ഷകരുണ്ട്. താറാവ് വളര്‍ത്തിയാല്‍ സ്ഥിരവരുമാനം കിട്ടുന്ന ഒരു തൊഴില്‍ സ്വന്തമാക്കാമെന്നാണ് പല കര്‍ഷകരും കാണിച്ചുതരുന്നത്.

ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി താറാവിനെ വളര്‍ത്താം. വെള്ളത്തിലല്ലാതെയും താറാവിനെ വളര്‍ത്താം. കോഴികളെ വളര്‍ത്തുന്നതുപോലെ തന്നെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളില്‍ താറാവിനെയും വളര്‍ത്താം. അങ്ങനെ വളര്‍ത്തുമ്പോള്‍ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റില്ലെന്നതാണ് വ്യത്യാസം. ഇണചേരുന്നതിനും പ്രത്യുല്‍പാദനം നടത്താനും താറാവുകള്‍ക്ക് വെള്ളം ആവശ്യമാണ്.

കുറഞ്ഞ ചിലവില്‍ വളര്‍ത്തി വലുതാക്കാമെന്നതാണ് പ്രത്യേകത. മിക്കവാറും എല്ലാത്തരം കാലാവസ്ഥയുമായും യോജിച്ചുപോകുന്നതുകൊണ്ട് വീട്ടില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. താറാവുകള്‍ രാവിലെയോ രാത്രിയോ ആണ് മുട്ടകളിടുന്നത്. അതിരാവിലെ നിങ്ങള്‍ക്ക് മുട്ട ശേഖരിക്കാന്‍ കഴിയും.കോഴിമുട്ടയെക്കാൾ വലുപ്പവും രുചിയുമുണ്ട് താറാവിന്റെ മുട്ടയ്ക്ക്. ഇതിലെ ഒമേഗ 3 കൊഴുപ്പമ്ലവും അരാക്കി ടോണിക് അമ്ലവും (Omega 3 fatty acids & Arachidonic Acid) ഹൃദ്രോഗങ്ങൾക്കു പ്രതിരോധം തീർക്കുന്നുവെന്ന മെച്ചവുമുണ്ട്.

കുളങ്ങളും കനാലുകളുമുള്ള പ്രദേശങ്ങൾ താറാവുവളർത്തലിനു നന്ന്. കാക്കി ക്യാംബെൻ എന്ന ഇനം വർഷത്തിൽ 280 മുട്ട ഇടും. കേരളത്തിന്റെ തനത് ഇനങ്ങളായ ചാരയും ചെമ്പല്ലിയും (കുട്ടനാടൻ ഇനങ്ങൾ) ശരാശരി 180 മുട്ടയിടും. പെക്കിൻ ഇനം ഇറച്ചിത്താറാവ് രണ്ടു മാസംകൊണ്ട് 2.5 –3 കിലോ ശരീരത്തൂക്കം വയ്ക്കുന്നു. ഇതിൽനിന്ന് ഉരുത്തിരിച്ചതാണ് വെള്ള നിറമുള്ള വിഗോവ ഇനം.

നാടൻ ഇനങ്ങളായ ചാരയ്ക്കും ചെമ്പല്ലിക്കും ഒരു ദിവസം മുതൽ 40 ദിവസം വരെ കോഴിത്തീറ്റ, വേവിച്ച ചോറ്, മത്തി പൊടിച്ചത്, പനയുടെ ചോറ് എന്നിവ നൽകാം. പിന്നീട് രണ്ടു മാസം കൊയ്ത്തു കഴിഞ്ഞ പാടത്തു വിടാം. 100 ദിവസമാകുമ്പോൾ ഇറച്ചിയാവശ്യത്തിന് എടുക്കാം. അപ്പോഴേക്കും ഒന്നര കിലോ ശരീരതൂക്കം വയ്ക്കും. ഇവയെ ഡ്രസ് ചെയ്യുമ്പോൾ 70 ശതമാനം മാംസം ലഭിക്കും.

താറാവുകളെ കൂട്ടിലിട്ടു വളർത്തുമ്പോൾ നാലു മാസം വരെ താറാവൊന്നിന് മൂന്നു ചതുരശ്രയടിയും അതിനു ശേഷം അഞ്ച് ചതുരശ്രയടിയും സ്ഥലസൗകര്യം നൽകണം. താറാവുകൾക്കു നീന്തി നടക്കാൻ വെള്ളം വേണമെന്നു നിർബന്ധമില്ല. കൂടിനു പുറത്ത് നെടുനീളത്തിൽ 6–8 ഇഞ്ച് താഴ്ചയുള്ള വെള്ളച്ചാൽ ഉണ്ടാക്കി അതിൽ കുടിക്കാനുള്ള വെള്ളം നിറയ്ക്കണം. ഇതിനുള്ളിൽ ചെളിവെള്ളം കയറാതെ സൂക്ഷിക്കുകയും വേണം.

താറാവിൻകുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഒരു മാസം വരെ (തൂവലുകൾക്ക് വളർച്ച പൂർത്തിയാക്കുന്നതുവരെ) കോഴിക്കുഞ്ഞുങ്ങൾക്ക് എന്നപോലെ ബൾബിട്ട് ബ്രൂഡിങ് (കൃത്രിമച്ചൂട്) നൽകണം. കൂടിനുള്ളിൽ തറയിൽ വിരിപ്പ് (ലീറ്റർ) ഇട്ടിരിക്കണം.മറ്റുള്ള വളര്‍ത്തുപക്ഷികളെപ്പോലെ ധാരാളം സ്ഥലം വളര്‍ത്താന്‍ ആവശ്യമില്ല. താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ സമയം കൊണ്ട് മുട്ടയിടുകയും കുഞ്ഞുങ്ങള്‍ പെട്ടെന്ന് വളരുകയും ചെയ്യും.

താറാവിൻകുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടുമാസം സമീകൃത താറാവിൻതീറ്റ നൽകണം. ഇറച്ചിക്കോഴികൾക്കുള്ള സ്റ്റാർട്ടർ തീറ്റയും താറാവുതീറ്റയ്ക്ക് പകരമായി ഉപയോഗിക്കാം. തീറ്റ വെള്ളവുമായി നനച്ചുകൊടുക്കണം. തീറ്റയിൽ ഒരു കാരണവശാലും പൂപ്പൽ ഉണ്ടാകരുത്, പൂപ്പൽ വിഷബാധ (അഫ്ളാടോക്സിൻ) താറാവുകൾക്കു മാരകമാണ്. ആദ്യത്തെ രണ്ടു മാസം വരെ ഒരു ദിവസത്തേക്കു വേണ്ടിവരുന്ന തീറ്റ മൂന്നു നേരമായി നൽകണം. പിന്നീട് തീറ്റ നൽകുന്നതു ദിവസം ഒരു പ്രാവശ്യമായി ചുരുക്കാം.

താറാവുകൾക്കു സാംക്രമിക രോഗങ്ങളായ താറാവ് വസന്ത, ഡക്ക് കോളറ എന്നിവയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം യഥാസമയം നൽകണം.

രണ്ടു മാസത്തിനു ശേഷം നാടൻ തീറ്റകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മത്തിപ്പൊടി, ചോറു വേവിച്ചത്, പനംപട്ട (Palm pith) എന്നിങ്ങനെ നൽകാം. വളർച്ചസമയത്ത് അഞ്ചു മാസം വരെ ഗ്രോവർത്തീറ്റ. അഞ്ചു മാസത്തിനുശേഷം മുട്ടയിടുന്ന സമയത്ത് ലേയർ തീറ്റയും നൽകണം. ഒരു മുട്ടത്താറാവിന് 150–180 ഗ്രാംവരെ തീറ്റ വേണ്ടിവരും. മുട്ടയിടുന്നവയ്ക്കു കാൽസ്യം ആവശ്യം. ഇതിനായി കക്കത്തുണ്ടുകൾ നൽകണം.

കുറഞ്ഞ വിലയില്‍ കിട്ടുന്ന ഏത് ഭക്ഷണസാധനങ്ങളും കഴിക്കുന്നതുകൊണ്ട് താറാവിനെ വളര്‍ത്തുന്നവര്‍ക്ക് വലിയ തലവേദനയില്ല. ബാക്കിവന്ന ചോറ്, പഴങ്ങള്‍ എന്നിവയെല്ലാം അകത്താക്കും. മണ്ണിര, ഒച്ച്, ചെറുപ്രാണികള്‍ എന്നിവയെല്ലാം ഇഷ്ടഭക്ഷണങ്ങളാണ്. കോഴിക്കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് അസുഖം ബാധിച്ച് ചത്തുപോകുന്നില്ലെന്നത് ഗുണകരമാണ്.

പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും താറാവിറച്ചിക്ക് വന്‍ ഡിമാന്റുണ്ട്. സ്ഥിരവരുമാനം നേടിത്തരുന്ന ഈ കൃഷിയിലേക്ക് നിരവധി അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ കടന്നുവരുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പ് താറാവ് വളര്‍ത്തല്‍ പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. മുട്ടയുടെയും ഇറച്ചിയുടെയും ലഭ്യത ഉറപ്പാക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമായിരുന്നു ഇവരുടെ ലക്ഷ്യം. സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സറികളില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയ താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

വീട്ടുവളപ്പില്‍ കുളമുണ്ടാക്കാം

സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കാം. ഏകദേശം ആറ് അടി നീളവും നാല് അടി വീതിയും രണ്ട് അടി ആഴവുമുള്ള കുഴിയാണ് ഉണ്ടാക്കേണ്ടത്. ഈ കുഴിക്ക് മണ്ണ് ഉപയോഗിച്ച് വരമ്പ് ഉണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്ക് വിരിക്കണം. മുകളില്‍ ടാര്‍പ്പായ വിരിക്കണം. ഈ ടാര്‍പ്പായയ്ക്ക് മുകളില്‍ ഇഷ്ടിക വെച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ സൂക്ഷിക്കണം.

അതിനുശേഷം ടാങ്കിലേക്ക് വെള്ളം നിറയ്ക്കണം. നാലാഴ്ച പ്രായമായ കുഞ്ഞുങ്ങളെയാണ് കുളത്തിലേക്ക് വിടുന്നത്. 300 ലിറ്റര്‍ വെള്ളം ഈ ടാങ്കില്‍ നിറയ്ക്കാം.

അഞ്ച് മാസം പ്രായമെത്തിയാല്‍ താറാവുകള്‍ മുട്ടയിടും. ഏകദേശം മൂന്ന് വര്‍ഷത്തോളം മുട്ട ലഭിക്കും. മുട്ടകള്‍ കോഴിമുട്ടകളേക്കാള്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കും. ഇറച്ചിക്ക് മാത്രമായി ബ്രോയിലര്‍ താറാവുകളെയും വളര്‍ത്താറുണ്ട്.