Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത് , ഉല്‍സവം മാറ്റിവയ്ക്കണം ; ദേവസ്വം ബോർഡിനു തന്ത്രിയുടെ കത്ത്

പത്തനംതിട്ട ; കോവിഡ് വ്യാപനം വർധിച്ചു വരുന്നതിനാൽ ശബരിമല സന്നിധാനത്തിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത് ഒഴിവാക്കണമെന്നും ഉല്‍സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ഈ വിവരം കാണിച്ച് തന്ത്രി ദേവസ്വം കമ്മിഷണർക്കു കത്ത് നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിനെ ഫോണിൽ വിളിച്ചും ഇക്കാര്യം പറഞ്ഞു.

സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും തന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികൾ കൂടുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ് ശബരിമലയിൽ തീർഥാടകർ കൂടുതലായി എത്തുന്നത്.

ശബരിമലയിൽ മിഥുന മാസത്തിലെ പൂജകൾക്കായി ജൂൺ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തേ അറിയിച്ചിരുന്നു. 14 മുതൽ 28 വരെ മാസപൂജയും ഉല്‍സവവുമാണു നടക്കേണ്ടത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഭക്തർക്ക് വെർച്വൽ ക്യൂ വഴി പ്രവേശനം അനുവദിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.