Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യും

വയനാട് : 2018-2019 കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 3.3 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായതായി കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഓഫീസിനു കീഴിലുള്ള 10 കൃഷി ഭവനുകളുടെ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്കാണ് ധനസഹായം ലഭിക്കുക.

കൃഷി നാശം സംഭവിച്ച 918 കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ബാക്കിയുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിപ്രകാരമുള്ള 1,59,12,567 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 335 കര്‍ഷകര്‍ക്കായി 1,71,46,600 രൂപയുമാണ് വിതരണം ചെയ്യുന്നത്.

കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുക. 2019 മാര്‍ച്ച് 31 വരെയുള്ള കൃഷിനാശത്തിനുള്ള നഷ്ട പരിഹാരമാണ് നിലവില്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നത്. വിള ഇന്‍ഷൂറന്‍സ് ചേര്‍ന്ന കര്‍ഷകരില്‍ 2019 ആഗസ്റ്റ് മാസം വരെ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ട പരിഹാരമാണ് വിതരണം ചെയ്യുക. നഷ്ട പരിഹാര തുക ജൂണ്‍ 20 നു മുമ്പായി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.

2019 ഏപ്രില്‍ മുതലുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരമാണ് ഇനി ലഭിക്കാന്‍ ബാക്കിയുള്ളത്. 2019 ജൂണ്‍ മാസം മുതല്‍ സ്മാര്‍ട്ട് എന്ന അംഗീകൃത സോഫ്റ്റ്വെയര്‍ വഴിയാണ് പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യുന്നതും. അതിനാല്‍ അനുബന്ധരേഖകളായ നികുതിരസീത്, എഗ്രിമെന്റ് , കൃഷിനാശം തെളിയിക്കുന്ന ഫോട്ടോകള്‍, വീഡിയോ തുടങ്ങിയവ സ്മാര്‍ട്ട് വഴി അപ്ലോഡ് ചെയ്യേണ്ടതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.