Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കർഷകരുടെ കണ്ണീരൊപ്പിയ ‘ മാതാവും , ഭഗവതിയും ‘ ; നെല്ല് ഉണക്കാൻ സ്ഥലം വിട്ടു നൽകി പള്ളിയും ,അമ്പലവും

തൃശൂർ ; ഇടവപ്പാതി ഇടമുറിയാതെ പെയ്യുമ്പോൾ കർഷകരെ സഹായിക്കാൻ ക്ഷേത്രത്തിന്റെയും , പള്ളിയുടെയും അധികൃതർ കൈകോർത്ത് പിടിക്കുന്നു .

തൃശൂര്‍ കൊഴുക്കുള്ളി ഗ്രാമത്തില്‍‍ ഒട്ടേറെ കര്‍ഷകരുണ്ട്. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഗ്രാമം കൂടിയാണ് കൊഴുക്കുള്ളി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി കർഷകർ വിത്തിറക്കിയിരുന്നു. നല്ല വിളവും കിട്ടി. പക്ഷേ, കോവിഡ് ഉയര്‍ത്തിയ കര്‍ഷകര്‍ ത്രിശങ്കുവിലായി.

ലോക്ഡൗണ്‍ കാരണം പലയിടത്തും കൊയ്ത്തു വൈകിയിരുന്നു. ഇടവപ്പാതിയില്‍ കൊയ്ത്തു കഴിഞ്ഞ ഉടനെ നെല്ല് മഴകൊള്ളാതെ മാറ്റണം. ഇല്ലെങ്കില്‍, നെല്ലിന് കനം കൂടും. അരിമില്ലുകാര്‍ നെല്ല് എടുക്കാന്‍ മടിക്കും. മില്ലുകാര്‍ നെല്ലെടുത്തില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത വരും കര്‍ഷകര്‍ക്ക്. എത്രയും വേഗം നെല്ല് ഉണക്കാനുള്ള സൗകര്യമായിരുന്നു കര്‍ഷകര്‍ക്കു വേണ്ടത്.

നെല്ലുണക്കാന്‍ എങ്ങനെ കഴിയുമെന്ന് കര്‍ഷകര്‍ ചിന്തിച്ചപ്പോഴാണ് നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ആര്‍.രജിത് ഒരു ആശയം മുന്നോട്ടുവച്ചത് . ആരാധാനലായങ്ങളോടു ചേര്‍ന്ന് ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഹാളുകള്‍ മൂന്നു മാസമായി പൂട്ടിയിട്ടിരിക്കുകയാണ്.

കോവിഡ് കാരണം പെട്ടെന്ന് ചടങ്ങുകളും വിവാഹ ആഘോഷങ്ങളും ഉണ്ടാകില്ല. പള്ളി, ക്ഷേത്രം അധികൃതരോട് ഹാള്‍ വിട്ടുതരാന്‍ അനുവാദം ചോദിക്കാം

കൊഴുക്കുള്ളി നിത്യസഹായമാത പള്ളി ഫാ.ജോയ് കുത്തൂരിനേയും ചീരക്കാവ് രുധിരമാല ഭഗവതി ക്ഷേത്രം ഭാരവാഹി അജിയോടും പഞ്ചായത്ത് പ്രസിഡന്റും കര്‍ഷകരും ചേര്‍ന്ന് അനുവാദം ചോദിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച ശേഷം പള്ളി, ക്ഷേത്രം നേതൃത്വം ഒരു തീരുമാനമെടുത്തു. ‘‘കര്‍ഷകരുടെ കണ്ണീരൊപ്പുക. നെല്ലുണക്കാന്‍ ഹാളുകള്‍ വിട്ടുനല്‍കുക’’. അങ്ങനെ, കൊഴുക്കുള്ളി ഗ്രാമത്തിലെ കര്‍ഷകരുടെ കണ്ണീരൊപ്പി ഈ ആരാധനാലയങ്ങള്‍.

വരനും വധുവും നില്‍ക്കുന്ന സ്റ്റേജില്‍ ഇപ്പോള്‍ നെല്ലാണ്. വിഭവ സമൃദ്ധമായി സദ്യ നടത്തുന്ന ഹാളില്‍ നെല്‍കൂമ്പാരമാണ്. രണ്ടാഴ്ച നെല്ല് ഉണക്കിയെടുത്താല്‍ കര്‍ഷകര്‍ക്കു നഷ്ടം വരില്ല. നെല്ലു വാങ്ങാന്‍ മില്ലുകാര്‍ക്കു പ്രിയമായിരിക്കും. കര്‍ഷകരുടെ സാമ്പത്തിക നഷ്ടവും ഇല്ലാതാക്കാം.

കോവിഡ് എന്ന മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ ഇത്തരം ഹാളുകള്‍ പലരീതിയില്‍ ജനോപകാരപ്രദമായി ഉപയോഗിക്കാമെന്നതിന്റെ ഉത്തമ മാതൃകയാണ് കൊഴുക്കുള്ളി ഗ്രാമത്തില്‍ നടന്നത്.