Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

നമുക്കും ചെയ്യാം മുന്തിരി കൃഷി

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ടെറസിലും ഇപ്പോള്‍ പലരും മുന്തിരി വളര്‍ത്തുന്നുണ്ട്. സ്വാദിഷ്ടമായ മുന്തിരി ലഭിക്കുന്നതിനോടൊപ്പം ചൂടില്‍ നിന്നുള്ള ശമനവും മുന്തിരി വള്ളികള്‍ നല്‍കുന്നു. ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. മുന്തിരി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിപാലനവും എങ്ങിനെയെന്നു നോക്കൂ.

നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താകണം മുന്തിരി കൃഷി ചെയ്യേണ്ടത്. വേനലിലും മഴക്കാലത്തും നടാം.പച്ചത്തണ്ട് നടാന്‍ പാടില്ല. 30 സെന്റിമീറ്റര്‍ നീളമുള്ള വള്ളിയാണ് നടേണ്ടത്. അതിനായി നഴ്‌സറിയില്‍ നിന്ന് വേര് പിടിപ്പിച്ച വള്ളി വാങ്ങുന്നതാകും നല്ലത്. കുഴിയുടെ നടുവില്‍ മണ്ണില്‍ നന്നായി ഉറപ്പിച്ച് വേണം നടാന്‍. മുന്തിരിവള്ളികള്‍ വളരുമ്പോള്‍ നന്നായി വളരുന്ന രണ്ടെണ്ണം മാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുകളയണം. ഇലകളുള്ള ശാഖകള്‍ മുറിച്ചു കളയാം.

മുന്തിരി പടര്‍ന്നാല്‍ നല്ല പന്തല്‍ ഒരുക്കാന്‍ ശ്രദ്ധിക്കണം. മുന്തിരി കൃഷിക്കായി ജൈവവളം മാത്രം ഉപയോഗിച്ചാല്‍ മതി. ഇല മുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ തടുക്കാന്‍ നേര്‍പ്പിച്ച ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കണം. കൊമ്പ് കോതല്‍ നടത്തിയാല്‍ വളം നല്‍കണം. വളമിട്ട ശേഷം ദിവസവും രണ്ട് നേരം നനച്ചു കൊടുക്കണം. ചെടി കായ്ക്കുന്നില്ലെങ്കില്‍ ചെറിയ ശാഖകള്‍ മുറിച്ചു നീക്കുക. പക്ഷികളുടെ ശല്യം ഇല്ലാതിരിക്കാന്‍ വലയിട്ടാല്‍ മതി.

വളങ്ങള്‍ ചെടിയൊന്നിന് വര്‍ഷന്തോറും പ്രയോഗിക്കുന്നു. ജൈവവളം 50 കി.ഗ്രാം, ഒന്നരകിലോഗ്രാം യൂറിയ, രണ്ടു കിലോ ഗ്രാം റോക്ഫോസ്ഫേറ്റ്, അഞ്ചു കി.ഗ്രാം പിണ്ണാക്കുവളങ്ങള്‍ എന്നിവയാണ് പ്രയോഗിക്കാറുള്ളത്. വേനല്‍ കാലത്ത് നന്നായി നനച്ചുകൊടുക്കണം.കൊമ്പുകോതല്‍  മുന്തിരിക്കൃഷിയില്‍ അനിവാര്യവും അതിപ്രധാനവുമായ കൃഷി പരിചരണമാണിത്.

പൂവിടുന്ന നാമ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുക എന്നതാണിതിന്‍റെ ലക്ഷ്യം. കമ്പുകള്‍ കോതി മാറ്റുന്നതോടെ സസ്യാഹാരം അതിനു താഴെയുള്ള ഭാഗങ്ങളില്‍ കൂടുതലളവില്‍ കിട്ടുകയും വളര്‍ച്ച പുഷ്ടിപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കൊമ്പു കോതണം.

വീട്ടുമുറ്റത്ത് കൃഷിചെയ്യാവുന്ന ഇനമാണ് “ബാംഗ്ലൂര്‍ പര്‍പ്പിള്‍”. ഇന്ന് വിപണിയില്‍ സാധാരണമായി കാണുന്നതും ഈ ഇനത്തില്‍പ്പെട്ട മുന്തിരിയാണ്. തമിഴ് നാട്ടിൽ ഇതിനെ ചാണദ്രാക്ഷ എന്നാണ് അറിയപ്പെടുന്നത്. ഇടത്തരം കുലകളാണ്ബാംഗ്ലൂര്‍ പര്‍പ്പിളിനുള്ളത്. നീല കലര്‍ന്ന കറുപ്പു നിറവും, ഉരുണ്ട കുരുവും, കട്ടിയുള്ള തൊലിയും, ഉള്ളില്‍ മാംസളവും ഉള്ളതാണ് ഈ ഇനം. എന്നാല്‍ മറ്റുള്ളതിനെ അപേക്ഷിച്ച് മധുരം അല്പം കുറവായിരിക്കും. എങ്കില്‍ കൂടിയും നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ തന്നെ.

ഏകദേശം 10 മാസം കൊണ്ട് ഒരു ചെടി ഒരു സെന്‍റ് സ്ഥലത്ത് വളരുന്നു. ശേഷം എല്ലാ തലപ്പുവള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളും അടര്‍ത്തിമാറ്റുകയും ചെയ്യണം. 15 ദിവസത്തിനുശേഷം പുതിയ തളിരിലയ്ക്കൊപ്പം ഇളംപച്ചനിറത്തിലുള്ള പൂക്കള്‍ വന്നുതുടങ്ങും.

14 ദിവസത്തിനുശേഷം തലപ്പ്‌ വീണ്ടും ഒന്നരയടിയോളം വളരുന്നു. അവയുടെ തലപ്പും നുള്ളിവിടുക. ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റുക. ഒപ്പംതന്നെ സ്പ്രിംഗ് പോലെ കാണപ്പെടുന്ന വള്ളികളും നീക്കംചെയ്യുക. ഇലകള്‍ നീക്കം ചെയ്താല്‍ പന്തല്‍ വള്ളി മാത്രമായി കാണണം. പൂവിട്ട് 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്തു പാകമാകുന്നു.

ചെടിയില്‍വെച്ചുതന്നെ മുന്തിരി പഴുക്കണം. മുന്തിരി പച്ചയായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. വിളവെടുപ്പിനുശേഷം കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ വിളവെടുക്കാം. നന്നായി നോക്കിയാല്‍ മുന്തിരി 30 വര്‍ഷം വരെ നിലനില്‍ക്കും