Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വെട്ടുകിളികൾ കേരളത്തിലേയ്ക്കും

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി വെട്ടുകിളി ആക്രമണം രൂക്ഷമാണ് . രാജസ്ഥാൻ , മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ കർഷകർ വെട്ടുകിളി ആക്രമണം മൂലം ഏറെ പ്രതിസന്ധിയിലാണ് .

വെട്ടുകിളികള്‍ ഒരു പ്രദേശത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൂട്ടമായി പറക്കുന്നത് കാറ്റിനോടൊപ്പമാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറിയതാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഇവ മധ്യഭാരതത്തിലേക്ക് എത്താന്‍ കാരണം.

കാലവര്‍ഷത്തിലെ ന്യൂനമര്‍ദ്ദങ്ങളിലും തെക്കു പടിഞ്ഞാറന്‍ ദിശയിലെ കാറ്റിലും വ്യതിയാനം ഉണ്ടാകുകയും കാലവര്‍ഷത്തോടനുബന്ധിച്ചുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമാവുകയും ചെയ്താല്‍ 1954 ല്‍ സംഭവിച്ചതുപോലെ വെട്ടുകിളി ആക്രമണം കേരളത്തിലും പ്രതീക്ഷിക്കാം. അത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേരളത്തില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ ശക്തമായ ന്യൂനമര്‍ദ്ദവും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉള്ളതിനാല്‍ തന്നെ വെട്ടുക്കിളി ബാധ കേരളത്തിലെത്താനുള്ള സാധ്യത വിരളമാണ്.

വെട്ടുകിളി ബാധ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും എത്തുകയാണെങ്കില്‍ അവ കേരളത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടാക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കാറ്റിന്റെ ദിശ അറിയുന്നതിനായി https://earth.nullschool.net- എന്ന വെബ്‌സൈറ്റ് ദൈനംദിനം നിരീക്ഷിക്കുകയും കാറ്റിന്റെ ദിശ മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്.

കേരളത്തിലേക്ക് വെട്ടുക്കിളിക്കൂട്ടം എത്തുകയാണെങ്കില്‍ അവ പാലക്കാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയാകാനാണ് സാധ്യത. ഈ പഞ്ചായത്തുകള്‍ കാര്‍ഷിക മേഖലയായതിനാല്‍ തന്നെ അവിടെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പാലക്കാട് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുകയും വേണം.

മുന്‍കരുതല്‍ നടപടികള്‍ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായതുകൊണ്ടുതന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും ചെയ്യുന്ന പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗം കേരളത്തില്‍ ആശാസ്യമല്ല. അതേസമയം പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തുറസ്സായ നെല്‍വയലുകളിലും തെങ്ങിന്‍തോട്ടങ്ങളിലും മറ്റും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയും. വെട്ടുകിളി ബാധ രൂക്ഷമായി വിളകളെ നശിപ്പിക്കുന്ന ഘട്ടം വന്നാല്‍ സസ്തനികള്‍ക്ക് വിഷവീര്യം കുറവുള്ള സിന്തറ്റിക് പൈറത്രോയിഡ് വിഭാഗത്തില്‍പ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കാം. ഡെല്‍റ്റാമെത്രിന്‍, ഫെന്‍വാലറേറ്റ്, ലാംടസൈഹാലോത്രിന്‍ എന്നീ കീടനാശിനികള്‍ വെട്ടുക്കിളിക്കെതിരെ ഉപയോഗിക്കാം.

ഇവ തളിക്കുന്നതിനായി ജനവാസമില്ലാത്ത പാടശേഖരങ്ങളിലും മറ്റും ഡ്രോണുകള്‍ ഉപയോഗിക്കാം. മറ്റു സ്ഥലങ്ങളില്‍ യന്ത്രവല്‍കൃത സ്‌പ്രേയറുകളും നമുക്കുപയോഗിക്കാം.

കീടനാശിനി തളിക്കേണ്ടിവരികയാണെങ്കില്‍ ഏതാണ്ട് 4000 ഏക്കര്‍ സ്ഥലത്തേക്കായി 2000 ലിറ്റര്‍ കീടനാശിനി വേണ്ടിവന്നേക്കാം.ആര്യവേപ്പില്‍ അടങ്ങിയിട്ടുള്ള അസാഡിറാക്ടിന്‍ ഇവയെ വികര്‍ഷിക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതുകൊണ്ടുതന്നെ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഇവക്കെതിരെ ഉപയോഗിക്കാം. വെട്ടുകിളികള്‍ ബാധിച്ചതിനോടടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലും സമീപ്രപദേശങ്ങളിലെ വിളകളിലും 3000 പിപിഎം അസാഡിറാക്ടിന്‍ അടങ്ങിയിട്ടുള്ള കീടനാശിനി 5-10 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

വെട്ടുക്കിളി നമ്മുടെ മണ്ണില്‍ മുട്ടയിടുകയോ പെറ്റു പെരുകുകയോ ചെയ്യുകയാണെങ്കില്‍ മാത്രം മെറ്റാറൈസിയം എന്ന മിത്ര കുമിള്‍ ഉപയോഗിക്കാം. അതുപോലെതന്നെ മണ്ണിളക്കി കൊടുക്കുന്നത് വെട്ടുകിളിയുടെ മുട്ടയെ നശിപ്പിക്കാന്‍ സഹായകരമാവും