Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വരുമാനമില്ല ; ലക്ഷം കോടികളുടെ ആസ്തിയുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ചിലവുകൾക്കായി രാജകുടുംബത്തില്‍നിന്ന് സഹായം തേടുന്നു

തിരുവനന്തപുരം : ലക്ഷം കോടികളുടെ ആസ്തിയുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ചിലവുകൾക്കായി തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് സഹായം തേടുന്നു. ലോക് ഡൗൺ മൂലം വരുമാനം കുറഞ്ഞതോടെയാണ് രാജകുടുംബത്തിനു നിയന്ത്രണമുള്ള ക്ഷേത്ര ട്രസ്റ്റില്‍നിന്നു സഹായം തേടാന്‍ ക്ഷേത്ര നടത്തിപ്പുകാര്‍ തീരുമാനിച്ചത് .

ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിന് പ്രതിമാസം ഒന്നര കോടി രൂപയോളമാണ് വേണ്ടത്. ഒരു കോടി ശമ്പളം നല്‍കാനും ശേഷിച്ച തുക സാധാനങ്ങള്‍ വാങ്ങുന്നതിനും ഓഫിസ് ചെലവുകള്‍ക്കും. വരുമാനത്തില്‍നിന്നു നേരത്തെയുണ്ടായ നീക്കിയിരിപ്പു തുക കൊണ്ടാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്ന് എക്‌സിക്യുട്ടിവ് ഓഫിസര്‍ വി രതീശന്‍ പറഞ്ഞു.

മാര്‍ച്ച് 24ന് തുടങ്ങിയ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. വരുമാനം പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോവും എന്നതില്‍ ഈ മാസം അവസാനം ചേരുന്ന ഭരണ സമിതി തീരുമാനമെടുക്കും.

ക്ഷേത്ര ഭരണത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ശ്രീപദ്മനാഭ സ്വാമി ടെംപിള്‍ ട്രസ്റ്റില്‍നിന്നു സഹായം തേടുകയാണ് ഭരണസമിതിക്കു മുന്നിലുള്ള ഒരു വഴി. ക്ഷേത്രത്തിന്റെ ഉടമാവകാശ കേസ് നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സുപ്രീം കോടതി നിയോഗിച്ച, ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.

ക്ഷേത്ര ഭരണത്തിനായാണ് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ ടെംപിള്‍ ട്രസ്റ്റ് സ്ഥാപിച്ചത്. ക്ഷേത്ര ഭരണത്തിനു പണം കണ്ടെത്താന്‍ ക്ഷേത്രത്തിന്റെ പല സ്വത്തുവകകളും ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്കു മാറ്റിയിരുന്നു. കല്യാണ മണ്ഡപങ്ങള്‍, ലോഡ്, ഡോര്‍മിറ്ററി, കടമുറികള്‍ തുടങ്ങിയ സ്വത്തുക്കളില്‍നിന്നുള്ള വരുമാനം ട്രസ്റ്റിനാണ് ലഭിക്കുന്നത്. നിലവില്‍ അഞ്ചു ലക്ഷം രൂപയാണ് ട്രസ്റ്റ് ക്ഷേത്രത്തിനു നല്‍കുന്നത്. ഇത് 25 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടാനാണ് ഭരണ സമിതി ആലോചിക്കുന്നത്.