Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കോളിഫ്ലവർ കൃഷിയും , പരിചരണവും

വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ലവറിനും അതേ വര്‍ഗത്തില്‍ വരുന്ന ബ്രോക്കളി (Broccoli) ക്കും രാജ്യത്തിന്റെ വിവിധ ഭാഗത്തെ വിപണികളില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ശരീരത്തിനാവശ്യമായ പ്രതിരോധ ശകതി പകരുന്നതിനോടൊപ്പം, രക്തത്തിലുണ്ടാകുന്ന കൊഴുപ്പിനെ (Cholesterol) നിയന്ത്രിക്കുന്നതിലും കാന്‍സര്‍ ഹൃദ്രോഗം എന്നിവയെ തടയുന്നതിലും കോളിഫ്ലവർ പങ്ക് വഹിക്കുന്നു.

കൃത്യമായ കാലാവസ്ഥയും മിതമായ താപനിലയുമാണ് (10 – 25 ഡിഗ്രി സെല്‍ഷ്യസ്) കോളിഫ്ലവര്‍ കൃഷിക്കനുയോജ്യം. ഏറെ വരണ്ടതും ഈര്‍പ്പം കുറഞ്ഞതുമായ കാലാവസ്ഥ കൃഷിയെ ദോഷകരമായി ബാധിക്കും. അതുപോലെത്തന്നെ, വളരെ താഴ്ന്ന താപനില കോളിഫ്ലവര്‍ മൂപ്പെത്തുന്നതിനേയും വലിപ്പത്തേയും ദോഷകരമായ ബാധിക്കാനുമിടയുണ്ട്.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ ഭൂപ്രകൃതിയാണ് കോളിഫ്ലവർ കൃഷിക്ക് വളരെ അനുയോജ്യം. പ്രത്യേകിച്ചു തീരപ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം മണ്ണ് ധാരാളമായി കാണുന്നത്. കൃഷി ആരംഭിക്കുന്നതിനു മുന്‍പ് മണ്ണ് ധാരാളമായി കിളച്ച് മറിച്ച് അയവും വായുസഞ്ചാരവും വരത്തക്ക വിധത്തിലാക്കിയെടുത്ത ശേഷമായിരിക്കണം കോളിഫ്ലവര്‍ കൃഷി തുടങ്ങേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നാലുതവണ മണ്ണ് ഇളക്കി മറിക്കാം കൂട്ടത്തില്‍ ആവശ്യത്തിന് ജൈവവളവും ചേര്‍ക്കേണ്ടതാണ്. കാബേജ് കൃഷിയെക്കാളും കൂടുതല്‍ മണ്ണിളക്കി കൃഷി ചെയ്യേണ്ട ഒന്നാണ് കോളിഫ്ലവര്‍.

വിത്ത് മുളപ്പിച്ച് പറിച്ചു നടുന്ന രീതിയാണ് കോളിഫ്ലവര്‍ കൃഷിക്ക് പതിവായി അവലംബിക്കാറുള്ളത്. നഴ്‌സറി ബഡ്ഡുകളുപയോഗിച്ച് വര്‍ഷത്തില്‍ മൂന്ന് ഘട്ടമായി കൃഷി ചെയ്യുന്നതും സാധാരണമാണ്. ആദ്യഘട്ടം ആരംഭിക്കേണ്ടത് മെയ് മാസത്തിലോ ജൂണിലോ ആകാം, രണ്ടാം ഘട്ടം ജൂലൈ-ഓഗസ്റ്റ് മാസത്തിലേതെങ്കിലും ഒന്നിലാകാം, മൂന്നാം ഘട്ടം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേതെങ്കിലും ഒന്നിലാകുന്നതും നന്നായിരിക്കും.

45 സെന്റീമീറ്റര്‍ (45*45) അകലം പാലിച്ചായിരിക്കണം വര്‍ഷത്തെ ആദ്യത്തെ വിള, വൈകി തുടങ്ങുന്ന ഘട്ടത്തില്‍ 60 സെന്റീമീറ്റര്‍ (60X60) ഒരു ചെടിയില്‍ നിന്ന് മറ്റ് ചെടിയിലേക്ക് അകലം പാലിക്കേണ്ടതാണ്. ജലസേചനവും വളരെയേറെ ശ്രദ്ധചെലുത്തിയായിരിക്കണം ചെയ്യേണ്ടത്. ആദ്യഘട്ട വിളയില്‍ 4 മുതല്‍ 7 ദിവസം വരെ ഇടവിട്ടും രണ്ടാംഘട്ട കൃഷിയില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ദിവസങ്ങള്‍ ഇടവിട്ടും ജലസേചനം നടത്താം. ഡ്രിപ്പ് ജലസേചനം ജലനഷ്ടം കുറച്ചുകൊണ്ട് ജലസേചനം നടത്താവുന്ന ഉചിതമായ മാര്‍ഗമാണ്.

കോളിഫ്ലവര്‍ പാകത്തിന് വളര്‍ച്ച നേടി എന്നുറപ്പ് വരുത്തിയതിന് ശേഷം ചെടിയില്‍ നിന്ന് മുറിച്ചെടുത്ത് വിപണിയിലേക്കയക്കാവുന്നതാണ്. കൃത്യമായ ശ്രദ്ധയും പരിചരണവും ലഭിക്കാവുന്ന സാഹചര്യത്തില്‍ യഥാക്രമം ഒരു ഹെക്ടറില്‍ ആദ്യഘട്ട വിളവെടുപ്പില്‍ 200 മുതല്‍ 250 വരെ ക്വിന്റലും രണ്ടാം ഘട്ടത്തില്‍ 250 മുതല്‍ 300 വരെ ക്വിന്റലും വിളവ് ലഭിക്കുന്നതാണ്.