Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കാലവര്‍ഷമെത്തി: തെങ്ങിന് തടം തുറന്ന് ജൈവവളം ഇടുന്ന വിധം

ഒരു വര്‍ഷം ഒരു തെങ്ങില്‍ കൂടി മണ്ണിലേക്ക് പതിക്കുന്നത് ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ്. വര്‍ഷത്തില്‍ 3000 മില്ലി മീറ്റര്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചു ദിവസങ്ങളിലേക്ക് കേന്ദ്രീകൃതമായി പെയ്യുന്ന മഴ വെള്ളം, മണ്ണില്‍ സംഭരിച്ചു നിര്‍ത്താനുള്ള നടപടികളിലൊന്നാണ് തെങ്ങിന്‍ തടം തുറക്കല്‍.

കാലവര്‍ഷം തുടങ്ങുന്ന സമയത്ത് തന്നെ ഓരോ തെങ്ങിന്റെയും തടം തുറക്കണം. തെങ്ങിന്റെ ചുവട്ടില്‍ നിന്നും ഒന്നര മീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയില്‍ തടമെടുത്ത് ഓരോ തെങ്ങിനും 25 കിലോഗ്രാമെങ്കിലും ജൈവവളം ചേര്‍ക്കുന്നതാണ് അഭികാമ്യം. ജൈവവളമായി ചാണക വളവും ശീമക്കൊന്ന പോലുള്ള പച്ചിലവളവും ഉപയോഗിക്കാം.

തെങ്ങിന്‍ തോട്ടങ്ങളില്‍ തണ്ണീര്‍ ബാങ്ക് എടുക്കുകയാണെങ്കില്‍ മഴവെള്ളത്തെ മണ്ണില്‍ തന്നെ സംഭരിച്ചു നിര്‍ത്താനും സാധിക്കും. രണ്ട് തെങ്ങുകള്‍ക്ക് ഇടയിലായി അര മീറ്റര്‍ വീതിയും നീളവും താഴ്ചയുമുള്ള കുഴികളില്‍ ചകിരി രണ്ട് അട്ടിയായി മലര്‍ത്തി അടുക്കുകയും ഓരോ അടുക്കിന് ഇടയ്ക്കും രണ്ട് ഇഞ്ച് കനത്തില്‍ മണ്ണിട്ട്, കുഴി നിറയ്ക്കണം. ചകിരിക്ക് അതിന്റെ ഭാരത്തിന്റെ എട്ട് മടങ്ങ് വെള്ളം സംഭരിച്ചു നിര്‍ത്താനുള്ള കഴിവാണ് തണ്ണീര്‍ ബാങ്കില്‍ പ്രയോജനപ്പെടുത്തുന്നുത്.