Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ചൊവ്വാഴ്ച 79 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 15, എറണാകുളം 13, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതം, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതം, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിനുപുറമെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1366 പേരാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,22,143 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.