Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മണി കെട്ടിയാൽ അനുഗ്രഹം ചൊരിയുന്ന കാട്ടിലമ്മ

പൊന്മനയെ പുണ്യമാക്കി തീർത്ത ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പൊന്മനയിൽ സ്ഥിതിചെയ്യുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. പൊന്മന കൊട്ടാരകടവിലെ ജങ്കാർ കടന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ കാതുകൾക്ക് സംഗീതവും മനസ്സിനു ചൈതന്യവും നിറക്കുന്ന ക്ഷേത്രം.

ദാരികനെ വധിച്ച ഉഗ്രമൂർത്തി ഭാവമാണ് ഇവിടുത്തെ ദേവത.ആദിപരാശക്തിയുടെ സമസ്തഭാവങ്ങളും ഒത്തുചേർന്ന് സർവ്വചരാചരങ്ങൾക്കും നാഥയായി അനുഗ്രഹവർഷം ചൊരിഞ്ഞ് സർവ്വാഭീഷ്ടവരദയിനിയും സർവ്വവദുരിത നിവാരിണിയും സർവ്വൈശ്വര്യപ്രദായിനിയുമായി കുടികൊള്ളുന്ന ദേവി. ആദിചേര രാജാവ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തമഠങ്ങൾ ഉയരുന്ന അത്യപൂർവ്വമായ ദേവസ്ഥാനമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം.

പ്രധാന വിഗ്രഹം കൂടാതെ ഗണപതി, ദുർഗ്ഗാദേവി, മൂർത്തി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗദൈവങ്ങള്‍, തുടങ്ങി ഉപദൈവങ്ങളും വെള്ളിയാഴ്ചതോറും ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിപാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു.

ക്ഷേത്രത്തിന് തെക്കുവശത്തള്ള പേരാലിൽ ഉദ്ദീഷ്ടകാര്യ സാദ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം വച്ച് മണികെട്ടുന്നു. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധിയോടെ ഇവിടെയെത്തി ആഗ്രഹ പൂർത്തീകരണത്തിനായി ആണ് ഈ ചടങ്ങ്.ക്ഷേത്രത്തിലെ വഴിവാട് കൗണ്ടറിൽനിന്നും മുപ്പതു രൂപ നൽകി മണിയും രസീതും കൈപറ്റാം.

മനസിൽ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ തടസങ്ങൾ മൂലം സഫലമാകാതെപോകുന്ന ആഗ്രഹങ്ങൾ സഫലീകരിക്കാനായാണ് ഭക്തർ അമ്മയിൽ അഭയം പ്രാപിക്കുന്നത്. ക്ഷേത്രത്തിൽ വന്നു അമ്മയെ കണ്ടു തൊഴുതുപ്രാർത്ഥിച്ചു മണികെട്ടിയ ആയിരക്കണക്കിന് ഭക്തർക്ക് തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിച്ചതായി അറിയാൻ കഴിയുന്നുണ്ട്. ഇവർ പിന്നീട് അമ്മയ്ക്ക് സ്നേഹോപഹാരങ്ങളുമായി അമ്മയെ കാണാൻ വന്നിട്ടുമുണ്ട്. അമ്മയെ വിശ്വസിച്ചു ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന ഭക്തരുടെ അമ്മയ്ക്കുമേലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് അനുദിനം വർധിച്ചു വരുന്ന പേരാലിൻ കൊമ്പിലെ മണികൾ.

ക്ഷേത്രത്തിൽ മണികെട്ട് നേർച്ച നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർ പ്രത്യേകിച്ച് യാതൊരുവിധ വ്രതാനുഷ്ടാനതിന്റെയും ആവശ്യമില്ല.സാധാരണ ക്ഷേത്രം ദർശനം നടത്തുമ്പോൾ എടുക്കേണ്ട ഹൈന്ദവ ആചാരപ്രകാരമുള്ള വ്രതാനുഷ്ടാനരീതികൾ മാത്രം പിൻതുടരുക. മണികെട്ട് നേർച്ച നടത്തുന്നതിനായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്നും 30 രൂപയടച്ച് പേരും നക്ഷത്രവും പറഞ്ഞു രസീത് എടുക്കേണ്ടതാണ്. കൗണ്ടറിൽ രസീത് എടുക്കുമ്പോൾ പേരും നക്ഷത്രവും വ്യക്തമായി പറയാൻ ഭക്തജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ക്ഷേത്രത്തലെ കൗണ്ടറിൽ നിന്നും വഴിപാടുകളുടെ രസീതുകൾ കളർ ട്രേകളിലാണ് ഭക്തർക്ക് കൊടുക്കുന്നത്. ക്ഷേത്രത്തിൽ ഇതിനായി 5 കളറുകളിലുള്ള ട്രേകളാണ് ഉപയോഗിക്കുന്നത്. 5 കളറുകളിലുള്ള ട്രേ പോലെ അത് വിതരണം ചെയ്യുന്നതിനായി അതേ കളറുകളിലുള്ള കൗണ്ടറുകളും ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുണ്ട്.

കൗണ്ടറിൽ നിന്നും രസീതുമായി തരുന്ന ട്രേ ക്ഷേത്രത്തിന് സമീപം സമർപ്പിച്ചു അമ്മയെ തൊഴുതു പ്രാർത്ഥിച്ചശേഷം രസീതുമായി കിട്ടിയ ട്രേയുടെ കളറിലുള്ള കൗണ്ടറിൽ പോയി ക്ഷമയോടെ കാത്തിരിക്കണം. പേരും നക്ഷത്രവും വിളിച്ചു അവിടെ വഴിപാട് വിതരണം ചെയ്യും. പൂജിച്ച മണി ലഭിച്ച ഭക്തർ ക്ഷേത്രത്തിന് സമീപത്തെ പേരാലിനെ പ്രാർത്ഥനാപൂർവ്വം തൊഴുതു പ്രാർത്ഥിച്ചശേഷം തങ്ങളുടെ ആഗ്രഹങ്ങൾ അമ്മയ്ക്ക് മുൻപിൽ സമർപ്പിച്ചു പേരാലിനെ 7 വലംവച്ച് പേരാലിൻ കൊമ്പിലോ പേരാലിൽ പൂജിച്ചു കെട്ടിയിരിക്കുന്ന ചുവപ്പ് കയറിലോ മണി കെട്ടാവുന്നതാണ്. മണികെട്ടിയ ശേഷം തിരികെ അമ്മയെ തൊഴുതു മണികെട്ട് ചടങ്ങ് പൂർത്തിയാക്കാവുന്നതാണ്.

മറ്റൊരു പ്രധാനകാര്യം എത്ര മണി കെട്ടണം എന്നതാണ്. അത് ഭക്തരുടെ മനസിലെ ആഗ്രഹം പോലെയാണ്. ഒരു മണി മുതൽ എത്ര മണി വേണമെങ്കിൽ കെട്ടാവുന്നതാണ്. 7 മണി കെട്ടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അത് 7 ദിവസം കൊണ്ടോ, 7 ആഴ്ച കൊണ്ടോ, 7 മാസം കൊണ്ടോ പൂർത്തീകരിക്കാവുന്നതാണ്. അതുപോലെ തന്നെ “7 മണികെട്ടി പൊങ്കാല സമർപ്പിക്കണം” എന്നൊന്നും ഇല്ല. മണികെട്ടു പോലെ തന്നെ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് ആണ് ദേവിയുടെ തിരു:മുൻപിലെ പൊങ്കാല.

ഭക്തർക്ക് തങ്ങളുടെ ആഗ്രഹം പോലെ എത്ര മണികെട്ടുകയോ, പൊങ്കാല സമർപ്പിക്കുകയോ രണ്ടും ഒരുമിച്ചു നടത്തുകയോ ആകാം.പൊങ്കാലയും മണികെട്ട് നേർച്ചയും ക്ഷേത്രത്തിൽ എല്ലാ ദിവസവും നടത്തുവാൻ കഴിയുന്നതാണ്.