Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കണ്ണീരോടെ വരുന്നവർക്ക് ദർശനം നൽകുന്ന സ്വർണ്ണ ആമ , ഭക്തർക്ക് ഐശ്വര്യം ചൊരിയുന്ന വിശ്വരൂപനായി മഹാവിഷ്ണു

സാക്ഷാൽ മഹാവിഷ്ണുവിന്റെ വിശ്വരൂപ ദർശനത്താൽ പേരുകേട്ട ക്ഷേത്രമാണ് മദ്ധ്യ തിരുവിതാംകൂറിലെ ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. വർഷത്തിൽ പതിനെട്ട് ദിവസം മാത്രമേ ഇവിടെ വിശ്വരൂപത്തിൽ ഭഗവാൻ ദർശനം നൽകുന്നുള്ളു എന്നതാണ് പ്രത്യേകത. വിശ്വരൂപ ദർശന മഹോത്സവമായിട്ടാണ് ഇതിനെ ഭക്തർ കൊണ്ടാടുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയാൽ ജീവിതത്തിലെ എത്ര കടുത്ത തടസവും വഴിമാറും എന്നാണ് വിശ്വാസം.

കുരുക്ഷേത്ര യുദ്ധം നടന്ന പതിനെട്ട് ദിവസങ്ങളായതിനാലാണ് വിശ്വരൂപ ദർശനത്തിനും പതിനെട്ട് ദിനങ്ങൾ നിശ്ചയിച്ചതെന്നാണ് വിശ്വാസം. കുരുക്ഷേത്രയുദ്ധത്തിൽ ഓരോ ദിവസവും സംഭവിച്ച കാര്യങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചടങ്ങുകളാണ് ഇവിടെ നടത്തുന്നത്.

ശ്രീപുരഷനെന്ന ശ്രീകൃഷ്ണ സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. എന്നാൽ നിതൃവൃത്തിയ്ക്ക് പോലും വകയില്ലാതെ ക്ഷേത്രത്തിന് പിൽക്കാലത്ത് അപചയം സംഭവിക്കുകയായിരുന്നു. പതിവായി പൂജമുടങ്ങി നാട്ടിൽ ദുർമരണങ്ങളും ദുരന്തവും സംഭവിച്ചതോടെ പ്രശ്നംവയ്പുണ്ടായി. ഇതിൽ വിശ്വരൂപത്തിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിൽ അതേ ഭാവത്തിൽ വർഷത്തിൽ പതിനെട്ട് ദിവസം ആരാധന നടത്തണമെന്നും ബാക്കി ദിവസങ്ങളിൽ ശ്രീ പുരുഷനായി ഇവിടെ ചൈതന്യം വിളങ്ങുമെന്നും തെളിഞ്ഞു

പഞ്ചദ്രവ്യങ്ങളാൽ നിർമ്മിക്കുന്ന ദദ്ധ്യാനമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വിശ്വരൂപ ദർശനമുള്ള പതിനെട്ട് ദിവസങ്ങളിൽ മാത്രമേ ഈ വഴിപാടുള്ളു. ഓരോ ദിവസവും തയ്യാറാക്കുന്ന ദദ്ധ്യാനം അതാത് ദിവസം തന്നെ തീർക്കണം. എത്ര പഴകിയ രോഗം അലട്ടുന്നവർക്കും ഈ നിവേദ്യം കഴിച്ചാൽ രോഗശമനമുണ്ടാവുമെന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തിലെ ഒരു പ്രധാന അത്ഭുമാണ് പുലർച്ചെ ക്ഷേത്രകുളത്തിൽ പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെട്ട സ്വർണ നിറത്തിലുള്ള ആമ. ഭക്തജനങ്ങൾ ആമയെ കാണാൻ കുളത്തിനരികിൽ വരുമ്പോൾ ഈ ആമ വെള്ളത്തിന് മുകളിലെത്തി ഭക്തർക്ക് ദർശനം നൽകി മറയുന്നു. ഭഗവാന്റെ കൂർമ്മാവതാരമായാണ് ഈ ആമയെ കണക്കാക്കുന്നത്.