Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ആടുകൾക്ക് ബാധിക്കുന്ന രോഗങ്ങളും , പ്രതിവിധികളും

ആടുകളെ ബാധിക്കാന്‍ ഇടയുള്ള രോഗങ്ങളെക്കുറിച്ച് ചെറിയ ഒരു ധാരണ നേടിയെടുക്കാന്‍ ആടു സംരംഭകര്‍ ശ്രദ്ധിക്കണം. രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ആവശ്യമായ വിദഗ്‌ധ ചികിത്സ കൃത്യസമയത്ത് തന്നെ ഉറപ്പാക്കാനും അതു സഹായിക്കും.

അകിടുവീക്കം, കുരലടപ്പന്‍, എന്ററോടോക്‌സീമിയ ടെറ്റനസ്/വില്ലുവാതം, ആന്ത്രാക്‌സ്, ബ്രൂസല്ലോസിസ്, ശരീരത്തിലെ ലാസികാ ഗ്രന്ഥികളോട് ചേർന്ന് പഴുപ്പു വന്ന് നിറയുന്ന കാഷ്യസ് ലിംഫ് അഡിനൈറ്റിസ് രോഗം, ന്യൂമോണിയ, കോളിഫോം വയറിളക്കം തുടങ്ങിയവയാണ് ആടിനെ ബാധിക്കാന്‍ ഇടയുള്ള പ്രധാന ബാക്ടീരിയല്‍ രോഗങ്ങള്‍. ഇതില്‍ അകിടുവീക്കവും എന്ററോടോക്സിമിയയും ടെറ്റ്നസ് രോഗവുമാണ് നമ്മുടെ സാഹചര്യത്തിൽ പ്രധാന വെല്ലുവിളികൾ.

പാസ്ചുറല്ല ബാക്ടീരിയകൾ കാരണം ഉണ്ടാവുന്ന കുരലടപ്പൻ രോഗവും സാംക്രമിക ന്യൂമോണിയ രോഗവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. കോളിഫോം ബാക്റ്റീരിയകൾ കാരണമുണ്ടാവുന്ന വയറിളക്കം മൂന്നാഴ്ചയിൽ ചുവടെ പ്രായമുള്ള ആട്ടിൻ കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ടുവരുന്നു.

വൃത്തിഹീനമായ പരിസരങ്ങളിൽനിന്നും അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയുമെല്ലാമാണ് രോഗാണുക്കൾ അകിടിനുള്ളിൽ കയറി രോഗമുണ്ടാക്കുന്നത്. പാലിൽ കട്ടയോ തരിത്തരികളായോ കാണപ്പെടൽ, പാലിനു നിറം മാറ്റം, പനി, തീറ്റയെടുക്കാൻ മടുപ്പ്, അകിടില്‍ ചൂട്, അകിടിൽ നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന് കല്ലിപ്പ് എന്നിവയാണ് അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അകിടുവീക്കം മൂർച്ഛിച്ചാൽ രോഗാണുക്കള്‍ പുറംന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരും. അതോടെ ആടിന്‍റെ ജീവന്‍ തന്നെ അപകടത്തിലാവും.

പശുക്കളെ അപേക്ഷിച്ച് ‘ഗാംഗ്രിനസ് മാസ്റ്റൈറ്റിസ്’ എന്നറിയപ്പെടുന്ന തീവ്ര രൂപത്തിലുള്ള അകിടുവീക്കത്തിനാണ് ആടുകളില്‍ കൂടുതല്‍ സാധ്യത. ഈ രൂപത്തിലുള്ള അകിടുവീക്ക രോഗത്തിൽ അകിട് വീര്‍ത്ത് കല്ലിക്കുമെങ്കിലും വേദന അനുഭവപ്പെടില്ല. കറക്കാന്‍ ശ്രമിച്ചാല്‍ ചുവപ്പും മഞ്ഞയും കലർന്ന നിറത്തില്‍ സ്രവം വരുന്നതായി കാണാം. ക്രമേണ അകിട് വിണ്ടു കീറാനും വ്രണങ്ങള്‍ തീവ്രമായി ചില ഭാഗങ്ങള്‍ അടര്‍ന്നുപോകാനും മുലക്കാമ്പുകൾ തന്നെ നഷ്ടമാവാനും ഗാംഗ്രിനസ് അകിടുവീക്കത്തിൽ സാധ്യതയേറെയാണ്. എലിപ്പനി പോലുള്ള ചില രോഗങ്ങളും ആടുകളിൽ അകിടുവീക്കം ഉണ്ടാവാൻ കാരണമാവാറുണ്ട്.

അകിടുവീക്കം തടയുന്നതിനായി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ കുടിച്ചതിനു ശേഷം അകിടില്‍ പാല്‍ കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ഒട്ടും ബാക്കി നിര്‍ത്താതെ പാല്‍ പൂർണമായും കറന്നു കളയണം. പശുക്കളില്‍ എന്നത് പോലെ തന്നെ കറവയുള്ള ആടുകളിൽ കറവയ്ക്കു മുന്‍പ് അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടോ ടിഷ്യൂ പേപ്പറുകൊണ്ടോ നനവ് ഒപ്പിയെടുക്കണം

മുഴുകൈ കറവയാണ് ഏറ്റവും അനുയോജ്യം. നാലു വിരലുകൾ ഒരു ഭാഗത്തും തള്ളവിരൽ മറുഭാഗത്തുമായി പിടിച്ച് മുകളിൽ നിന്നും ചുവടേക്ക് അമർത്തി കറക്കുന്ന രീതിയാണ് മുഴുകൈ ഉപയോഗിച്ചുള്ള കറവ. കറവയ്ക്ക് ശേഷവും കുട്ടികൾ കുടിച്ചതിന് ശേഷവും മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ 20 സെക്കൻഡ് മുക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. ഉടൻ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ കറവ കഴിഞ്ഞതിന് ശേഷം ആടുകള്‍ക്ക് കൈതീറ്റയോ, വൈക്കോലോ തീറ്റയായി നല്‍കണം. അകിടിന് ചുറ്റും വളർന്ന നീണ്ട രോമങ്ങൾ മുറിച്ചുമാറ്റാൻ ശ്രദ്ധിക്കണം. അകിടിലുണ്ടാവുന്ന പോറലുകൾ നിസാരമാണെങ്കിൽ പോലും കൃത്യസമയത്ത് ചികിത്സിച്ച് ഭേദപ്പെടുത്തണം.

ധാന്യങ്ങൾ, പഴം-പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയ അന്നജം കൂടുതൽ അടങ്ങിയ തീറ്റകൾ ധാരാളമായി നൽകുന്നതും കുടലിൽ രോഗാണുവിന്‌ പെരുകാൻ അനുകൂല സാഹചര്യമൊരുക്കും. നല്ല ആരോഗ്യമുള്ള ആടുകളിൽ വളരെ പെട്ടന്നാണ് രോഗം പ്രത്യക്ഷപ്പെടുക. നടക്കുമ്പോൾ വേച്ചിലും വിറയലും വെള്ളം പോലെ ശക്തമായി വയറിളകുന്നതും അതിൽ രക്താംശം കാണുന്നതും രോഗ ലക്ഷങ്ങളാണ്. പലപ്പോഴും ലക്ഷങ്ങൾ പൂർണമായും പ്രത്യക്ഷപ്പെടുന്നതിനും ചികിൽസിക്കാൻ സാവകാശം കിട്ടുന്നതിന് മുൻപും ആടുകൾ മരണപ്പെടും.

ആഴമുള്ള മുറിവുകൾ വഴി ശരീരത്തിൽ കടന്നുകയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയകളാണ് അഥവാ വില്ലുവാതത്തിന് കാരണം. നാഡീവ്യൂഹത്തെയാണ് ടെറ്റനസ് ബാക്ടീരിയകൾ പുറന്തള്ളുന്ന വിഷം ബാധിക്കുക. വായ് തുറക്കാനുള്ള പ്രയാസം , മാംസപേശികളുടെ ദൃഢത , കൈകാലുകൾ ദൃഢമായി വടി പോലെയിരിക്കുക , ചെവിയും വാലും ബലമായി കുത്തനെയിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ രക്ഷപെടാനുള്ള സാധ്യത കുറവാണ്

ആട് വസന്ത (പിപിആര്‍), മുഖത്തും ചുണ്ടുകളിലുമെല്ലാം ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്ന ഓര്‍ഫ് രോഗം, ആട് പോക്സ്, വൈറല്‍ ന്യുമോണിയ തുടങ്ങിയവയാണ് കേരളത്തില്‍ ആടുകളില്‍ കണ്ടുവരുന്ന പ്രധാന വൈറസ് രോഗങ്ങള്‍. ഈ രോഗങ്ങൾ രോഗം ബാധിച്ച ആടുകളില്‍നിന്നും മറ്റ് ആടുകളിലേക്കു വേഗത്തില്‍ സംക്രമിക്കും

രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റസാധനങ്ങള്‍, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ വഴി പരോക്ഷമായും വൈറസ് രോഗവ്യാപനം നടക്കും. വായുവിലൂടെ വ്യാപിക്കാനും ആട് വസന്ത വൈറസിന് ശേഷിയുണ്ട് . രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ചക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ് ആടുവസന്തയുടെ ആരംഭലക്ഷണങ്ങള്‍.

ശ്വസനതടസവും ന്യുമോണിയയും മൂര്‍ച്ഛിച്ചാണ് ഒടുവില്‍ ആടുകളുടെ മരണം സംഭവിക്കുക. പിപിആര്‍ തടയാന്‍ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പുണ്ട്. മൂന്ന് മാസം പ്രായമെത്തുമ്പോൾ ആടുകൾക്ക് ഈ കുത്തിവയ്‌പ് നൽകാം