Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം

ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്‌ളാവി വൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന ക്ലാസിക്കല്‍ ഡെങ്കിപ്പനി, രക്തസ്രാവവും മരണ കാരണമായേക്കാവുന്നതുമായ ഡെങ്കിഹെമറാജിക് ഫീവര്‍, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ഡെങ്കിഷോക് സിന്‍ഡ്രോം എന്നിവയാണ് ഇവ.

രോഗാണുവാഹകനായ ഒരു കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവും. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായതലവേദന കണ്ണുകളുടെ പുറക് വശത്തെ വേദന, സന്ധികളിലും പേശികളിലും വേദന, വിശപ്പില്ലായ്മയും രുചിയില്ലായ്മയും നെഞ്ചിലും മുഖത്തും അഞ്ചാംപനി പോലെ തടിപ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍. ഡെങ്കി ഹെമറാജിക് ഫീവര്‍ എന്ന അവസ്ഥയിലേക്ക് മാറിയാല്‍ രോഗി അപകടാവസ്ഥയിലേക്ക് മാറുകയും ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുകയും ചെയ്യും.

സാധാരണ ഡെങ്കിപ്പനിയുടെ എല്ലാ ലക്ഷണങ്ങളും കൂടാതെ കഠിനമായ വയറുവേദന, ചര്‍മ്മം വിളര്‍ച്ചയേറിയതും ഈര്‍പ്പമേറിയതുമായ അവസ്ഥ, മൂക്ക്, വായ, മോണ എന്നിവയില്‍ കൂടിയുള്ള രക്തസ്രാവം, രക്തത്തോടുകൂടിയതോ അല്ലാതെയുള്ളതുമായ ഛര്‍ദ്ദി, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍, അസ്വസ്ഥത എന്നിവയാണ് ഡെങ്കിഹെമറാജിക് ഫീവറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഡെങ്കിഷോക്ക്‌ സിന്‍ഡ്രോം എന്ന അവസ്ഥയില്‍ ശരീരത്തില്‍ നിന്നും രക്തവും പ്ലാസ്മയും നഷ്ടമാവുകയും തുടര്‍ന്ന് രോഗി അബോധാവസ്ഥയിലേക്ക് എത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.