Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

തിരിച്ചടി ഉറപ്പായതോടെ പിന്മാറാനുറച്ച് ചൈന ; സംഘർഷ മേഖലയിൽ നിന്ന് പിന്മാറാൻ ഇന്ത്യ-ചൈന സൈനിക ധാരണ

ന്യൂഡൽഹി : തിരിച്ചടി ഉറപ്പായതോടെ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ചൈന .ഇന്ത്യയുടേയും ചൈനയുടേയും സൈനിക കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു . സൈനിക പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങൾ അതിർത്തിയിൽ ആരംഭിച്ചു.

യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോൾഡോയിലാണ് ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ധാരണയുമായി ചർച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി.ഇതു രണ്ടാം തവണയാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കമാൻഡർ റാങ്കിലുള്ളവർ ചർച്ച നടത്തുന്നത്.

ലേ ആസ്ഥാനമായുള്ള കോർ കമാൻഡ് മേധാവി ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും തമ്മിലായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ഇന്നലെ പകൽ 11.30ന് ആരംഭിച്ച ചർച്ച 12 മണിക്കൂറാണ് നീണ്ടത്.

എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇരു രാജ്യങ്ങളും നടത്തിയിട്ടില്ല.ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സൈന്യത്തിന് സർവ സ്വാതന്ത്ര്യവും കേന്ദ്രം നൽകിയിരുന്നു.

മെയ് അഞ്ചിന് പാം​ഗോ​ഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകൾ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യൻ സൈന്യവും അതി‍ർത്തിയിൽ തമ്പടിച്ചത്. നേരത്തെ ജൂൺ ആറിന് നടന്ന കമാൻഡിം​ഗ് ഓഫീസ‍ർമാരുടെ ച‍ർച്ചയിൽ ത‍ർക്കമേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരുവിഭാ​ഗങ്ങളും ധാരണയായിരുന്നുവെങ്കിലും ​ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുട‍ർന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിക്കുകയായിരുന്നു.

യുദ്ധവിമാനങ്ങളടക്കം എത്തിച്ച് അതിർത്തിയിൽ സർവസജ്ജമായാണ് ചൈനയെ നേരിടാനായി ഇന്ത്യ നിന്നത്. പർവത നിരകളിൽ പരിശീലനം ലഭിച്ച പ്രത്യേക സൈനികരെയും ഇന്ത്യ ഇതിനായി രംഗത്തിറക്കിയിരുന്നു.