Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വിഷഹാരിയായ ശാസ്താവ് ; സാക്ഷാൽ അയ്യപ്പന്റെ കൈയ്യിലെ കളഭകൂട്ടിൽ ഇല്ലാതാകുന്ന സർപ്പ വിഷം , ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്

ഹൈന്ദവ ദൈവശാസ്ത്രപ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശാസ്താക്ഷേത്രങ്ങളിലൊന്നാണ് അച്ചൻ കോവിൽ .യോഗ വിദ്യപ്രകാരം പ്രാധാന്യം ഉള്ള ക്ഷേത്രമാണിത് .

യോഗവിദ്യയിലെ വിശിഷ്ടചക്രമായ സ്വാധിഷ്ഠാനംപ്രകാരം ഉള്ള ധർമശാസ്താക്ഷേത്രമാണ് അച്ചൻ കോവിൽ .മണികണ്ഠ മുത്തിയൻ എന്നു തമിഴ് ഭാഷ്യം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ശാസ്താക്ഷേത്രം.ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻകോവിൽ ക്ഷേത്രം.

സർപ്പദോഷം, സർപ്പവിഷം, വിഷബാധകൾ എന്നിവ അകറ്റുന്ന ക്ഷേത്രം. സർപ്പസൂക്തം എന്ന മന്ത്രത്താൽ സിദ്ധന്മാർ സർപ്പവിഷം ചികിത്സിച്ചിരുന്ന ക്ഷേത്രമാണിത്. വിഷഹാരിയാണ് അച്ചൻ കോവിൽ ശാസ്താവ്.എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി പ്രതിഷ്ഠയുടെ വലതു കൈയ്യിൽ പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ.വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാം.

ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും, ഇതിനായ് ക്ഷേത്രത്തിൽ പണ്ട് മുതലേ രണ്ട് ശാന്തിക്കാരുണ്ട്. വിഷം തീണ്ടിയവർ എത്തിയാൽ അര്‍ദ്ധരാത്രിയിലും ശാന്തിക്കാരൻ കുളിച്ച് നട തുറക്കും.ദേവന്റെ കൈയിൽ അരച്ച് വെച്ച കളഭം തീർത്ഥത്തിൽ ചാലിച്ച് മുറിപ്പാടിൽ തേക്കും, കഴിക്കാനും കൊടുക്കും.അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും.അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം.ചികിത്സാ സമയം ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്.

ആദ്യ ദിവസം കടും ചായ മാത്രം,പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി,ദാഹിക്കുമ്പോൾ ക്ഷേത്ര കിണറ്റിലെ ജലം മാത്രം.വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു.ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു.

ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഈ ക്ഷേത്രപരിസരത്ത് സർപ്പദംശനം ഏറ്റ് ആരും മരിച്ചിട്ടില്ല എന്നാണ് ഐതിഹ്യം.

ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും.108 ശാസ്താക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണു സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്.

സ്വാധിഷ്ഠാന ചക്രസ്ഥിതനായ അച്ചൻകോവിൽ ശാസ്താവിനെ ദർശിച്ചാൽ ഏകാഗ്രതയും വിജയവും സൗന്ദര്യബോധവും സമഭാവനയും അതിന്റെ ഏറ്റവും സംശുദ്ധമായ രൂപത്തില്‍ അനുഭവിക്കാൻ സാധിക്കും എന്ന് വിശ്വാസം.

പൂർണ, പുഷ്കല എന്നീ ദേവിമാരും സത്യകൻ എന്ന മകനും ഒപ്പം അച്ചൻകോവിൽ ആണ്ടവരോടൊപ്പം ഇവിടെ കുടികൊള്ളുന്നു. 108 ശാസ്താക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണു സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.