Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം ; കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളികേര വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈ വിതരണം, ഈ വര്‍ഷത്തെ ഞാറ്റുവേലച്ചന്ത, കര്‍ഷകസഭ, ഒരു കോടി ഫലവൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണം എന്നീ പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഉല്പാദനം വര്‍ധിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ രംഗത്തെ കാതലായ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഉല്പാദനത്തിനനുസരിച്ച് വിപണിയുണ്ടാകണം. വിലകിട്ടണം. ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കാര്‍ഷിക മൊത്ത വിപണികള്‍, ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക് തല വിപണികള്‍, ആഴ്ച ചന്തകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുന്നതിനും ആവിഷ്‌കരിച്ച ബൃഹത്തായ പദ്ധതിയാണ് ‘സുഭിക്ഷ കേരള’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ അഭിവൃദ്ധിപ്പെടുത്താനാണ് ലക്ഷ്യം. തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിന് തുടക്കം കുറിച്ചു കഴിഞ്ഞു. കേരളമൊന്നടങ്കം ഈ പദ്ധതി ഏറ്റെടുത്തുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു