Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കോവിഡ്: നൂറില്‍ കൂടുതല്‍ രോഗികളുള്ളത് ഒമ്പത് ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് ഒന്‍പത് ജില്ലകളില്‍. മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശൂര്‍ 113, കോഴിക്കോട് 107, കാസര്‍കോട് 102 എന്നിങ്ങനെയാണ് കണക്ക്. മെയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണ്.

തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയിലാണ്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കി വരുന്ന 20 ശതമാനം ആളുകളിലാണ്.

രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാല്‍, സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്.
വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് വീട്ടിനകത്തുള്ള പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താനുള്ള സാധ്യതയാണുള്ളത്. അതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഉള്ളതുപോലെ തന്നെയുള്ള കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്.