Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

Young mango buds and flowers on its tree in a garden

വീട്ടുമുറ്റത്തെ മാവ് പൂക്കാൻ ഫലപ്രദമായ വഴികൾ

കാര്യമായി ശുശ്രൂഷ നല്‍കി വീട്ടുവളപ്പില്‍ വളര്‍ത്തിയ മാവ് സ്ഥിരമായി കായ്ക്കുന്ന സ്വഭാവം കാണിക്കാത്തത് മിക്കപ്പോഴും കര്‍ഷകര്‍ക്ക് വിഷമമുണ്ടാക്കും. ഒരു വര്‍ഷം നന്നായി കായ്ക്കുന്ന മാവ് അടുത്തവര്‍ഷം കായ്ക്കാതിരിക്കുകയോ കായ്ച്ചാലും കുറഞ്ഞ വിളവ് നല്‍കുകയോ ചെയ്യുന്നു. മാവ് വല്ലപ്പോഴും കായ്ക്കുന്നതും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കായ്ക്കുന്നതും മടിച്ച് കായ്ക്കുന്നതും കായ്ക്കാതിരിക്കുന്നതുമെല്ലാം സ്വാഭാവികമാണ്.

മാവിനങ്ങളുടെ കായ്ക്കല്‍ സ്വഭാവം അതു വളരുന്ന സ്ഥലത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം, കൃഷിരീതികള്‍ , ദ്വിലിംഗ പുഷ്പ്പങ്ങളുടെ അനുപാതം, മാവിന്റെ വൃദ്ധി ഫലന സഭാവങ്ങള്‍ , മാവിന്റെ ജനിതക സ്വഭാവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചുരുങ്ങിയത് 8-10 മാസത്തെ മൂപ്പെങ്കിലുമുള്ള ശിഖരങ്ങളിലേ പൂങ്കുലകള്‍ ഉണ്ടാവുകയുള്ളൂ. മാവ് തളിര്‍ക്കുകയോ പൂക്കുകയോ ചെയ്യുന്നതില്‍ കാര്‍ബണ്‍- നൈട്രജന്‍ അനുപാതത്തിന് വലിയ പങ്കുണ്ട്. ശിഖരങ്ങളില്‍ നൈട്രജനേക്കാള്‍ കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റുണ്ടെങ്കില്‍ പൂക്കുന്നു. തിരിച്ചാണെങ്കില്‍ തളിര്‍ക്കുന്നു. ക്രമമായ വളപ്രയോഗം, വേനല്‍ക്കാലത്തെ ജലസേചനം, കീട- രോഗനിയന്ത്രണം എന്നിവ നല്ല വിളവ് ലഭിക്കാന്‍ സഹായകമായ ഘടകങ്ങളാണ്.

അന്തരീക്ഷ താപനിലയാണ് മാവിന്റെ പൂക്കലിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. വീട്ടുവളപ്പില്‍ നടാന്‍ തെരഞ്ഞെടുക്കുന്ന മാവിനം സ്ഥിരമായി കായ്ക്കുന്ന ഇനമാണോ എന്ന് അന്വേഷിച്ച് ഉറപ്പാക്കിയിരിക്കണം. നല്ല മാമ്പഴം നല്‍കുന്നവയാണെങ്കിലും സ്വാഭാവികമായി കായ്ക്കാന്‍ മടികാണിക്കുന്ന ഇനങ്ങള്‍ സ്ഥലപരിമിതിയുള്ള വീട്ടുവളപ്പുകളില്‍ നടുന്നത് കഴിവതും ഒഴിവാക്കണം. മാവ് വളരുന്നതിന് അനുയോജ്യമായ താപനില 21 മുതല്‍ 27 ഡിഗ്രി വരെ സെല്‍ഷ്യസാണ് .

സമുദ്രനിരപ്പില്‍ നിന്നും 600 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളാണ് ഏറ്റവും നല്ലത്. തണലില്ലാതെ തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോഴാണ് മാവ് നന്നായി പൂക്കുന്നത്. തഴച്ച് വളരുന്ന മാവിന്റെ ചില ശിഖരങ്ങള്‍ വെട്ടിമാറ്റി ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കാന്‍ അനുദിച്ചാല്‍ വര്‍ഷങ്ങളായി പൂക്കാത്ത മാവുകളും പൂക്കുന്നതായി കണ്ടിട്ടുണ്ട്. ചുവട്ടില്‍ തീയിട്ട് പുകയ്ക്കുന്ന സമ്പ്രദായം ചില മാവുകളില്‍ മാത്രമാണ് ഫലപ്രദം. മാവു പൂക്കുന്നതിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ പുകയ്ക്കണം.

വിപുഷ്പ്പനം അഥവാ ഡീ ബ്ലോസമിംഗ് ചില ഇനങ്ങളില്‍ ഫലപ്രദമാണ്. ശാഖകളില്‍ വലയം മുറിക്കുന്നതും ചില ഇനങ്ങളെ പൂക്കാന്‍ സഹായിക്കും. മാവ് പൂക്കുന്നതിന് മൂന്ന് നാല് മാസം മുമ്പ് ഇത് ചെയ്തിരിക്കണം. ഏകദേശം 15 സെന്റീമീറ്റര്‍ വണ്ണമുള്ള ശാഖകളില്‍ 6 -7 സെന്റീമീറ്റര്‍ വീതിയില്‍ മോതിരത്തിന്റെ ആകൃതിയില്‍ തൊലി നീക്കം ചെയ്യുന്ന രീതിയാണിത്. ഇതുകൊണ്ട് ശാഖകളുടെ കായിക വളര്‍ച്ച തല്‍ക്കാലികമായി നില്‍ക്കും. വലയത്തിനുള്ളില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് സംഭരിക്കപ്പെടുകയും ചെയ്യും. കാര്‍ബ്ബണ്‍- നൈട്രജന്‍ അനുപാതത്തില്‍ വരുന്ന അനുകൂലമായ മാറ്റം കാരണം മാവ് പൂക്കുകയും ചെയ്യും.

ചെടികളുടെ കായികവളര്‍ച്ച കുറയ്ക്കുന്ന ചില രാസവസ്തുക്കളും മാവ് പൂക്കുന്നതിന് സഹായിക്കും. ഇത്തരത്തിലുള്ള ഒന്നാണ് പക്‌ളോബ്യൂട്ടറോസോള്‍. സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഗിബറല്ലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തെ ഈ രാസവസ്തു തടയും. അല്‍ഫോന്‍സോ, ദക്ഷേരി, ബംഗനപ്പള്ളി തുടങ്ങിയ മാവിനങ്ങളിലെല്ലാം മാവ് പൂക്കുന്നതിന് ഈ രാസവസ്തു സഹായകരമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അടങ്ങിയ കള്‍ട്ടാര്‍ എന്ന രാസവസ്തു വിപണിയില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ മാസം മഴയില്ലാത്ത സമയത്താണ് ഇത് പ്രയോഗിക്കേണ്ടത്. 10 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള മാവിന് 10 ലിറ്റര്‍ വെള്ളത്തില്‍ 20 മില്ലിലിറ്റര്‍ കള്‍ട്ടാര്‍ ലയിപ്പിച്ച ലായനി ഒഴിച്ച് കൊടുക്കണം. ഒരു വര്‍ഷത്തിന് ഒരു മില്ലിലിറ്റര്‍ കള്‍ട്ടാര്‍ എന്ന നിലയില്‍ നാല് വര്‍ഷം പ്രായമായ മാവിന് 4 മില്ലിലിറ്റര്‍ മതിയാകും. കനോപി കൂടുതലുള്ള മാവിന് 10 ലിറ്റര്‍ വെള്ളത്തില്‍ 30 മില്ലി ലിറ്റര്‍ കള്‍ട്ടാര്‍ വരെ ആകാം. ആദ്യം മരത്തിന് ചുറ്റം രണ്ടടി അകലത്തില്‍ 15 സെന്റീമിറ്റര്‍ ചാലുണ്ടാക്കണം. ചാലുകളില്‍ എളാങ്കു കൊണ്ട് 8-10 ദ്വാരങ്ങളുണ്ടാക്കി കള്‍ട്ടാര്‍ ഒഴിച്ചുകൊടുത്ത് മേല്‍മണ്ണ് കൊണ്ട് മൂടണം.

കള്‍ട്ടാര്‍ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. 15-20 ദിവസം കൂടുമ്പോള്‍ നനച്ചുകൊടുത്ത് ഈര്‍പ്പം നിലനിര്‍ത്താം. കള്‍ട്ടാര്‍ മാവിന്റെ കായിക വളര്‍ച്ച തടഞ്ഞ് സമൃദ്ധമായി കായ്ക്കുന്നതിന് വഴിയൊരുക്കുന്നു. എന്നാല്‍ അമിതമായ അളവില്‍ ഈ രാസവസ്തു പ്രയോഗിക്കുന്നത് മാവിന്റെ പിന്നീടങ്ങോട്ടുള്ള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല മണ്ണിന്റെ മലിനീകരണത്തിനും മാമ്പഴത്തില്‍ രാസവസ്തുക്കള്‍ അടിഞ്ഞുകൂടുന്നതിനും വഴിതെളിക്കും.

പൊട്ടാസ്യം നൈട്രേറ്റ് എന്ന രാസവസ്തു 1-3 വരെ ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നതും മാവ് പൂക്കുന്നതിന് സഹായകരമാണ്. ഇലകള്‍ ഇളം തളിര്‍ദശ കഴിഞ്ഞ് മൂപ്പെത്തിയ അവസ്ഥയിലാണ് ലായനി തളിക്കാന്‍. രാവിലെയോ വൈകിട്ടോ ഇലകള്‍ നന്നായി നനയുന്ന വിധം തളിച്ചുകൊടുക്കണം. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു തവണ കൂടി ഈ ലായനി തളിച്ച് കൊടുക്കണം.

കാത്സ്യം നൈട്രേറ്റാണ് മാവ് പൂക്കാന്‍ സഹായിക്കുന്ന മറ്റൊരു രാസവസ്തു. ഇത് രണ്ടരശതമാനം വീര്യത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് അടിച്ച് കൊടുക്കാം. പുതിയ ഇനങ്ങള്‍ നട്ട് 7-8 വര്‍ഷമായിട്ടും കായ്ക്കുന്നില്ലെങ്കില്‍ മറ്റ് ഇനങ്ങള്‍ ഉപയോഗിച്ച് മേലൊട്ടിക്കല്‍ നടത്തിയും അവയില്‍ പുഷ്പ്പിക്കല്‍ നടത്താം.