Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന ; ബുള്‍ഡോസറുകളും ട്രക്കുകളും വിന്യസിച്ച് വൻ പടയൊരുക്കം

ലഡാക്ക് ; അതിർത്തിയിൽ വീണ്ടും പ്രകോപന നീക്കവുമായി ചൈന . ഗല്‍വാന്‍ താഴ്‍വര സ്വന്തമാണെന്ന പ്രഖ്യാപനം ഉന്നയിച്ചതിനു പിന്നാലെ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് തര്‍ക്കം ഉന്നയിച്ച് ചൈന പടയൊരുക്കം തുടങ്ങി.

അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് നയതന്ത്ര തലത്തില്‍ പറയുമ്പോഴും സൈനിക നീക്കം ശക്തമാക്കി വെല്ലുവിളി തുടരുകയാണ് ചൈന. ഗല്‍വാനില്‍ ചൈന വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജൂണ്‍ 15ന് സംഘര്‍ഷമുണ്ടായപ്പോള്‍ ഇന്ത്യന്‍ സൈന്യം ഇത് നീക്കിയതായിരുന്നു. എന്നാല്‍ ജൂണ്‍ 22 മുതല്‍ നിര്‍മാണം പുന:രാരംഭിച്ചതായാണ് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ബുള്‍ഡോസറുകളും ട്രക്കുകളും ചിത്രത്തില്‍ കാണാം. ദൗലത് ബേഗ് ഓള്‍ഡിയോട് ചേര്‍ന്നുള്ള ഡെപ്സാങ്ങിലും ഗോഗ്രയിലും തര്‍ക്കം ഉന്നയിച്ച് ചൈന വന്‍ സേന വിന്യാസം നടത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് കരസേന മേധാവി എം.എം നരവനെ ലഡാക്കില്‍ വ്യോമനിരീക്ഷണം നടത്തി. സൈനിക ഉദ്യോഗസ്ഥ തലത്തില്‍ സേന പിന്മാറ്റത്തിന് ധാരണയായെങ്കിലും ചൈന വാക്കു പാലിക്കാതെ സേന പിന്മാറ്റം വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ഡല്‍ഹിയില്‍ എത്തിയാലുടന്‍ കരസേന മേധാവി പ്രതിരോധമന്ത്രി, സംയുക്ത സേന മേധാവി, നാവിക, വ്യോമസേന മേധാവിമാര്‍ എന്നിവരോട് സാഹചര്യം വിശദീകരിക്കും. ഇന്ത്യയുടെ തുടര്‍ നീക്കങ്ങള്‍ കരസേന മേധാവിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണിരിക്കുന്നത്.

അതേ സമയം ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ വിശദമായ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങി. ഇതോടെ വന്‍തോതില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ചൈന ഇന്ത്യയെ ആശങ്കയറിയിച്ചു.