Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഏത് നിമിഷവും കോവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് ; ആറു ജില്ലകളിൽ അതീവ ജാഗ്രത

തിരുവവനന്തപുരം : ഏത് നിമിഷവും കോവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തലസ്ഥാനം ഉൾപ്പെടെ ആറ് ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ഉറവിടമറിയാത്ത കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു.

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങൾ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാർക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളിൽ പരിശോധന കൂടുതൽ നടത്താൻ അധികൃതർ തീരുമാനിച്ചത്.

അതേ സമയം ഇനി ബോധവൽക്കരണമില്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു . മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. അറസ്റ്റും പിഴയും ഉണ്ടാകും. ജനക്കൂട്ടം കണ്ടാൽ പൊലീസിനെ അറിയിക്കണം.

ജനക്കൂട്ടത്തിന്റെ വിഡിയോയും ഫോട്ടോയും പൊലീസിന് അയയ്ക്കാം. ശാരീരിക അകലം പാലിച്ച് ആളുകളെ കൊണ്ടുപോയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും. വിമാനത്താവളത്തിൽ വരുന്ന ആളുകൾ നേരെ വീട്ടിലേക്കു പോകണം. ബന്ധുക്കളുടെ വീട്ടിലോ റസ്റ്ററന്റിലോ പോകാൻ അനുവദിക്കില്ല. റോഡുകളിൽ ബാരിക്കേഡ് ഉണ്ടാകും. കണ്ടൈൻമെൻറ് സോണിൽനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ലെന്നും ബഹ്റ പറഞ്ഞു.