Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്തെ കന്നുകാലികൾക്കിടയിൽ സാംക്രമിക ചർമ മുഴ രോഗം വ്യാപിക്കുന്നു ; ക്ഷീര കർഷകർക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ലംപി സ്‌കിൻ ഡിസീസ് (Lumpy skin disease/LSD) അഥവാ സാംക്രമിക ചർമ മുഴ രോഗം വ്യാപിക്കുന്നു. ആലപ്പുഴ, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മധ്യകേരളത്തിലാണ് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഇപ്പോൾ മഴ ശക്തമായതോടെ മലബാർ മേഖല ഉൾപ്പടെ സംസ്‌ഥാനത്തിന്റെ മറ്റിടങ്ങളിലും ഒറ്റപ്പെട്ട രൂപത്തിൽ ലംപി സ്‌കിൻ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനു കാരണമാവുന്ന ലംപി സ്‌കിൻ രോഗം ക്ഷീരമേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ലംപി സ്‌കിൻ രോഗത്തെ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനും ക്ഷീരകർഷകർ ചില കാര്യങ്ങൾ മനസിലോർക്കേണ്ടതുണ്ട്.

പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മ മുഴ രോഗ സാധ്യതയുള്ളത്. നാടൻ പശുക്കളെ അപേക്ഷിച്ച് വളരെ നേർത്ത ചർമ്മമുള്ള എച്ച്എഫ് അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. ഗര്‍ഭവതികളായ പശുക്കളിലും കറവപ്പശുക്കളിലും കിടാക്കളിലും രോഗസാധ്യത ഉയര്‍ന്നതാണ്.

ലംപി സ്‌കിൻ രോഗത്തിനു കാരണം കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍എസ്ഡി (Lumpy Skin disease (LSD) virus) വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽനിന്ന് അടർന്ന് വീഴുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റ് ശരീര സ്രവങ്ങളിലുമെല്ലാം ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും

അണുവിമുക്തമാക്കാത്ത കുത്തിവയ്‌പ് സൂചികൾ ഉപയോഗിക്കുന്നതും രോഗപ്പകര്‍ച്ചക്ക് ഇടയാക്കും. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും.രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും.

പശുക്കളുടെ ത്വക്കിനെയും ദഹനവ്യൂഹത്തെയും ശ്വസനവ്യൂഹത്തെയുമാണ് ലംപി സ്‌കിൻ വൈറസുകൾ പ്രധാനമായും ബാധിക്കുക.ഉയര്‍ന്ന പനി, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍.

തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്‍റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്‍റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്.

ചര്‍മമുഴ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍, അകിട് വീക്കം തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകം എ ,ഡി, ഇ, കെ , സെലേനിയം ,കോപ്പർ, സിങ്ക്, അയേൺ എന്നിവയെല്ലാം അടങ്ങിയ ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ പശു കിടാക്കള്‍ കുടിക്കുന്നില്ലെന്ന കാര്യവും ഉറപ്പാക്കണം.

ഈച്ചകളെ അകറ്റാനും മുറിവുണക്കത്തിനുള്ളതുമായ ലോറേക്സെയ്ന്‍ ( Lorexane ointment), ഹൈമാക്സ് (Himax ), ഡി.മാഗ് (D. mag ), ടോപ്പിക്യൂയർ പ്ലസ് (Topicure plus), സ്കാവോണ്‍ (Scavon Vet Cream), ചാർമിൽ (Charmil), ഫ്ലെമാറ്റിക് ( Flematic WS spray), എക്‌സോഹീൽ, വെറ്റ് -ഒ- മാക്സ്, വോക്‌സിറ്റോ (Voxeto) തുടങ്ങിയ ലേപനങ്ങളിൽ ഏതെങ്കിലും വ്രണങ്ങളില്‍ പ്രയോഗിക്കണം. മഞ്ഞൾ വേപ്പിലയിൽ അരച്ച് വ്രണങ്ങളിൽ പ്രയോഗിക്കുന്നതും ഫലപ്രദമാണ്‌.

പുഴുക്കളും പഴുപ്പും നിറഞ്ഞ വ്രണങ്ങൾ പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേർപ്പിച്ച ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ആഴമുള്ള വ്രണങ്ങൾ ആണെങ്കിൽ അണുവിമുക്തമാക്കിയ ശേഷം മഗ്നീഷ്യം സള്‍ഫേറ്റും (ഭേദിഉപ്പ്) കർപ്പൂരവും ചേര്‍ത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാല്‍ മുറിവുണക്കം വേഗത്തിലാവും. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നീര്‍ക്കെട്ടൊഴിവാക്കുന്നതിനായ് ചികിത്സകള്‍ക്കൊപ്പം ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്.

വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴുത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം.രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍ നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഉയര്‍ന്നതായിരിക്കും. തൊഴുത്തില്‍ നിന്നും ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റതൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ 2 ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, 4% വീര്യമുള്ള അലക്കുകാര (സോഡിയം കാര്‍ബണേറ്റ്) ലായനിയോ ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം.

പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ഡെൽറ്റാമെത്രിൻ, ഫ്ലുമെത്രിൻ, സൈപെർമെത്രിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ സിന്തറ്റിക് പൈറേന്ത്രോയിഡ് മരുന്നുകളാണ് ഇതിന് അനിയോജ്യം.

വിപണിയിൽ ലഭ്യമായ ഡെൽറ്റാമെത്രിൻ അടങ്ങിയ ലൈസിടിക്ക് ( Lysetik), റ്റിനിക്സ് (Tinix vet), സൈപെർമെത്രിൻ അടങ്ങിയ ക്ലിനാർ (CLINAR Liquid), ഫ്ലുമെത്രിൻ അടങ്ങിയ ഫ്ലുമിന്റാസ് (Flumitas liquid), നാഷ് ( NAASH) തുടങ്ങിയ ലേപനങ്ങൾ ഉദാഹരണങ്ങളാണ്. വേപ്പെണ്ണ പൂവത്തെണ്ണ തുടങ്ങിയ ലേപനങ്ങളും പരാദങ്ങളെ അകറ്റാൻ ഫലപ്രദമാണ്

പശുക്കളില്‍ രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും മേല്‍പറഞ്ഞ അണുനാശിനികള്‍ ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ത്തണം