Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കാന്താരി കർഷകർക്ക് കൈത്താങ്ങായി കണമല ബാങ്ക് ; നിരവധി പേർ കാന്താരി കൃഷിയിലേയ്ക്ക്

കോട്ടയം ; കണമല ബാങ്കിന്റെ കാന്താരി വിപ്ലവത്തിനു ഡിമാന്റേറുന്നു . ഇപ്പോൾ കണമലയിലെ തോട്ടങ്ങളിൽ നിറയെ കാന്താരിമുളകാണ്. 200 ഓളം കർഷകരാണ് കാന്താരി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.

കോട്ടയത്തെ കർഷകരുടെ ദുരിതം കണ്ടപ്പോൾ കണമല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് തോന്നിയ ആശയമാണ് കാന്താരി വിപ്ലവം . തൊടിയിലും പറമ്പിലും വിളഞ്ഞു നിൽക്കുന്ന കാന്താരി മുളക് എടുത്തോളാമെന്ന് പറഞ്ഞ് കർഷകർക്ക് ആത്മവിശ്വാസം നൽകി ബാങ്ക് .

‘കാന്താരി വിപ്ലവം’ ആരംഭിച്ചത് കഴിഞ്ഞ മാസം. പച്ചക്കാന്താരിക്ക് കിലോയ്ക്ക് 250 രൂപ. പഴുത്തതിന് 150 രൂപ. ഒരു കിലോ റബറിന് 120 രൂപ പോലും കിട്ടാത്ത മലയോര വാസികളുടെ ആശ്വാസം ചെറുതല്ല. അരയേക്കറിൽ 1000 ചെടികൾ വരെ . രണ്ടാഴ്ച കൂടുമ്പോൾ കുറഞ്ഞത് 15000 രൂപയുടെ കാന്താരി ഉറപ്പ്. സംഗതി മുളകായതിനാൽ കാട്ടുമൃഗങ്ങൾ പരിസരത്തേക്ക് എത്തിനോക്കില്ല.

കർഷക കുടുംബങ്ങളിലെ ഗൃഹനാഥൻമാർ മാത്രമല്ല പിള്ളേരും വീട്ടമ്മമാരുമൊക്കെ ആവേശത്തിലാണ്.ബാങ്ക് ശേഖരിക്കുന്ന കാന്താരി തൃശൂരിലെ ചന്തയിലാണ് വിൽക്കുന്നത്. എത്ര വില കുറഞ്ഞാലും 250 രൂപ കർഷകന് ലഭിക്കും , വില കൂടിയാൽ അതും പരിഗണിക്കും .