Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ശബരിമല യുവതീ പ്രവേശനം ; വിശാല ബെഞ്ചിൽ കക്ഷി ചേരാൻ യാക്കോബായ വിശ്വാസികൾ

ന്യൂഡല്‍ഹി : ശബരിമല കേസുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിൽ കക്ഷി ചേരാൻ യാക്കോബായ വിശ്വാസികൾ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.

മതാചാരങ്ങള്‍ നിശ്ചയിക്കാന്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് അധികാരമുണ്ടെന്നും മതാചാരങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം ആത്മീയ തലവന്മാര്‍ക്കാണെന്നും കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയില്‍ യാക്കോബായ സഭാ വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു.

അനുച്ഛേദം 25 വിഭാവനം ചെയ്യുന്ന മതവിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ വ്യാപ്തിയും പരിധിയും , മതാചാരങ്ങള്‍ ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യത ,അന്യമതസ്ഥന് മറ്റ് മതങ്ങളിലെ വിശ്വാസങ്ങളെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങളാണ് വിശാല ബഞ്ച് പരിഗണിക്കുന്നത് .

അന്ത്യോഖ്യ പാത്രീയർക്കീസിനെ തങ്ങളുടെ ആത്മീയ തലവനായി പ്രഖ്യാപിക്കണം എന്നും യാക്കോബായ സഭ വിശ്വാസികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. അന്ത്യോഖ്യ പാത്രീയര്‍ക്കീസിന്റെ ആത്മീയ തലവന്‍ സ്ഥാനം ഒരു കോടതിയും റദ്ദാക്കിയിട്ടില്ല. എന്നാൽ തങ്ങളുടെ പള്ളികളില്‍ നിയമിക്കപ്പെടുന്ന പുരോഹിതന്മാര്‍ അന്ത്യോഖ്യ പാത്രീയര്‍ക്കീസിനെ അംഗീകരിക്കാത്തവരാണെന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ വിശാല ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെടുന്നു.