Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൊടുങ്കാടിനുള്ളിൽ മറഞ്ഞ കാന്തമല , തൃക്കല്ല്യാണത്തിനൊരുങ്ങിയ ശാസ്താവ്  ; അസാധാരണ സവിശേഷതകളുമായി അഞ്ച് അയ്യപ്പ ക്ഷേത്രങ്ങൾ

പരശുരാമൻ പ്രതിഷ്‌ഠ നടത്തിയ അഞ്ചു ശാസ്‌താക്ഷേത്രങ്ങളാണു ശബരിമല ഉൾപ്പടെയുള്ളത്. സഹ്യപർവത നിരകളിലാണ് ഈ അഞ്ചു ക്ഷേത്രങ്ങളുടെയും സ്‌ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, ഒരു ക്ഷേത്രത്തിൽ നിന്നു മറ്റൊന്നിലേക്കുള്ള ആകാശദൂരം തുല്യമാണ്. കാടിനു നടുവിൽ ഏറെക്കുറെ നദികളാൽ ചുറ്റപ്പെട്ടാണ് ഈ ക്ഷേത്രങ്ങൾ കാണപ്പെടുന്നത്

ശാസ്‌താവിന്റെ അഞ്ചു ദശാസന്ധികളാണ് അഞ്ചു ക്ഷേത്രങ്ങളായി മലനിരകൾക്കുള്ളിൽ സ്‌ഥിതി ചെയ്യുന്നത്. ശാസ്‌താവിന്റെ ബാലാവസ്‌ഥയാണു കുളത്തൂപ്പുഴ ക്ഷേത്രത്തിൽ. ആര്യങ്കാവിൽ കൗമാരവും അച്ചൻകോവിലിൽ യൗവനവുമാണ്. ശബരിമലയിലാണ് വാർധക്യം. വാനപ്രസ്‌ഥം കാന്തമലയിലും. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. ഊഹങ്ങളും നിഗമനങ്ങളും പൊന്നമ്പലമേടിനു താഴെ മൂഴിയാർ വനത്തിലാണെന്നാണ്. എന്തായാലും കൊടുങ്കാടിനുള്ളിൽ എവിടേയാ ഒരു ശാസ്‌താ ക്ഷേത്രം ഇപ്പോഴും ഒളിഞ്ഞുകിടപ്പുണ്ട്.

യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രത്തിൽ ആരംഭിക്കേണ്ടതാണ് ഈ അഞ്ചു ക്ഷേത്രങ്ങളിലേക്കുമുള്ള പുണ്യദർശനം .

കുളത്തൂപ്പുഴയിലെ ബാലകൻ

കല്ലടയാറിന്റെ തീരത്തുള്ള കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രത്തിൽ തുടങ്ങുകയാണ് ശബരിമലദർശനം. ബാലാവസ്‌ഥയാണ് ഇവിടുത്തെ വിഗ്രഹത്തിന്റെ പ്രത്യേകത. പരശുരാമൻ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം കല്ലടയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്രെ. അന്നു നശിച്ച മൂലപ്രതിഷ്‌ഠകളിൽ ഒരു ശില കല്ലടയാറിന്റെ കരയിൽ എവിടെയൊ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഒരിക്കൽ കൊട്ടാരക്കരയിലെ നാട്ടുപ്രമാണിമാരായ കുറുപ്പന്മാർ തീർത്ഥാടനത്തിനു പോകവേ ഭക്ഷണം ഉണ്ടാക്കാൻ ഈ ശില ഉപയോഗിച്ചുവെന്നും അടുപ്പുണ്ടാക്കാൻ ഈ ശില പൊട്ടിച്ചെന്നുമാണ് ഐതിഹ്യം.

ശില ഇടിച്ചുപൊളിച്ചപ്പോൾ അത് എട്ടായി മുറിയുകയും അതിൽ നിന്നു ചോര ഒഴുകുകയും ചെയ്‌തു. ദൈവചൈതന്യം മനസ്സിലാക്കിയ കുറുപ്പന്മാർ ആ ശിലകളാൽ ഒരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്‌ഠിച്ചു. ഐതിഹ്യം എന്തായാലും എട്ടായി നുറുങ്ങിയ ആ ശിലയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ‘വൈകുന്നേരങ്ങളിലും പള്ളിയുണർത്താറുണ്ട് കുളത്തുപ്പുഴ ധർമശാസ്‌താവിനെ. കാരണം കുട്ടികൾ ഉച്ചയ്‌ക്ക് ഉറങ്ങിയാലും അവരെ വിളിച്ചുണർത്താറുണ്ടല്ലോ?’

മീനൂട്ടാണു പ്രധാന വഴിപാട്. ക്ഷേത്രക്കുളത്തിലെ മീനിന് ആഹാരം കൊടുക്കുന്നതാണിത്.തിരുമക്കൾ എന്നാണ് ഈ മൽസ്യങ്ങളെ വിളിക്കുന്നത്. ഇവിടെ മീനൂട്ടിയാൽ അരിമ്പാറ പേലെയുള്ള ത്വക് രോഗങ്ങൾ ശമിക്കുമെന്നാണു വിശ്വാസം. ത്വക് രോഗങ്ങൾ മാത്രമല്ല വിവാഹ തടസ്സങ്ങൾ നീക്കാനും നല്ല മാംഗല്യത്തിനും എള്ളും കിഴിയും പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും നടയ്‌ക്കു വയ്‌ക്കുന്ന രീതിയും ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവും പള്ളിയുണർത്തുന്ന കുളത്തുപ്പുഴ ശാസ്‌താവിനെ തൊഴുതിറങ്ങിയാൽ നേരെ ആര്യങ്കാവിലേക്ക്. കൗമാരക്കാരനായ ശാസ്‌താവിന്റെയടുത്തേക്ക്.

ആര്യങ്കാവ് ശാസ്‌താ ക്ഷേത്രം

കൗമാരഭാവത്തിലുള്ള ശാസ്‌താ പ്രതിഷ്‌ഠയാണിവിടെ. വിഗ്രഹം നടയ്‌ക്കുനേരെയല്ല വലതു മൂലയിലാണ് . ദിവസം ഏഴുനേരം പൂജയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശാസ്‌താവിന്റെ പുനർജന്മമാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് അയ്യപ്പൻ ബ്രഹ്‌മചാരിയായത്. എന്നാൽ പൂർണ, പുഷ്‌കല ദേവിമാരുടെ സാന്നിധ്യമുണ്ട് ഇവിടുത്തെ ശാസ്‌താവിന്.

പത്താമുദയ ദിവസം പ്രതിഷ്‌ഠയ്‌ക്കു നേരെ സൂര്യരശ്‌മികൾ പതിയുന്ന അദ്ഭുതം ആര്യങ്കാവ് ശാസ്‌താക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ശാസ്താവിന്റെ അത്യപൂർവമായ ‘തൃക്കല്യാണം’ ഇവിടെ മാത്രമാണ്. തമിഴ്‌നാട്ടിൽ നിന്നുളള സൗരാഷ്ട്ര ബ്രാഹ്മണരാണു വധുവിന്റെ ആൾക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതിനിധികളും കേരളീയരും വരന്റെ ആൾക്കാരും.

ആചാരങ്ങളിൽ വൈരുദ്ധ്യം ഉണ്ടെങ്കിലും ദേവി സമേതനായ വിഗ്രഹമാണ് ആര്യങ്കാവിലേത്. തൃക്കല്യാണത്തിന് അവിവാഹിതരായ പെൺകുട്ടികൾ ധാരാളമായി എത്തുന്നു. അന്നേ ദിവസം ഇവിടെ നിന്നു കൊടുക്കുന്ന മംഗല്യച്ചരട് കെട്ടിയാൽ വിവാഹം പെട്ടെന്നു നടക്കുമെന്നാണു വിശ്വാസം.

അച്ചൻകോവിൽ അരശൻ

ഗൃഹസ്‌ഥാശ്രമിയായ ശാസ്‌താവ് എന്നാണ് സങ്കൽപം. പൂർണപുഷ്‌കല ദേവിമാരുടെ സാന്നിധ്യത്തോടുകൂടിയ വിഗ്രഹമാണ് ഇവിടെയുള്ളത്. കേരള അതിർത്തിയിൽ ആണെങ്കിലും തമിഴ് സ്വാധീനമാണു കൂടുതൽ. അച്ചൻകോവിൽ അരശൻ എന്നാണ് ഈ ശാസ്‌താവ് അറിയപ്പെടുന്നത്. ഹിമാലയത്തിൽ മാത്രം കാണുന്ന പ്രത്യേകതരം കൃഷ്‌ണശില കൊണ്ടുള്ള യുഗാന്തര പ്രതിഷ്‌ഠ. അവിശ്വസനീയമായ പല ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രം.

തമിഴ്‌നാട്ടിലെ മേക്കര ഡാമിനടുത്തുള്ള 30 ഏക്കർ വയലിൽ വിളയുന്ന നെല്ലുകൊണ്ടാണ് ഇവിടെ ഭഗവാനു നിവേദ്യം. ശബരിമലയിലേതുപോലെ തന്നെ പതിനെട്ടു പടികളിലൂടെയാണു ശ്രീകോവിലിലേക്കു പ്രവേശനം. ശബരിമലയിൽ നിന്നു വ്യത്യസ്‌തമായി കൈക്കുമ്പിൾ കോട്ടിയിരിക്കുന്ന ശാസ്‌താവിഗ്രഹമാണിവിടെ. ഈ കൈക്കുമ്പിളിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിട്ടുണ്ടാവും.

പണ്ടു കാടിനു നടുവിൽ താമസിക്കുന്നവരെ പാമ്പു കടിക്കുക നിത്യസംഭവമായിരുന്നു. ചികിൽസയ്‌ക്ക് ആശുപത്രികൾ ഇല്ലാതിരുന്ന കാലം. ആ കാലത്തു പാമ്പുകടിയേറ്റു വരുന്നവർക്കുള്ള ഔഷധമായിരുന്നു ആ ചന്ദനം. വിഗ്രഹത്തിലിരിക്കുന്ന ചന്ദനവും ക്ഷേത്ര പരിസരത്തെ തീർഥ കിണറിൽ നിന്നുള്ള ജലവുമായിരുന്നു ഇവർക്കുള്ള മരുന്ന്. ഇതും കഴിച്ച് മൂന്നു ദിവസം ക്ഷേത്രത്തിൽ താമസിക്കും. അതിനുശേഷം വീട്ടിലേക്കു മടങ്ങും. ഈ രീതി ഇന്നും തുടരുന്നു.

വിഷം തീണ്ടുന്നതിനു മാത്രമല്ല കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളും ധാരാളമായി ഇവിടെ എത്തുന്നു. നൊന്തു പ്രാർഥിക്കുന്നവർക്കു ഫലം കാണുന്നു എന്നതിന്റെ തെളിവാണു കെട്ടിയിരിക്കുന്ന നൂറുകണക്കിനു കുഞ്ഞുതൊട്ടിലുകൾ. ഇവിടെ ആടുന്ന ഓരോ തൊട്ടിലും ഓരോ പ്രാർത്ഥനയുടെയും ആഗ്രഹത്തിന്റെയും സാഫല്യമാണ്.

അഞ്ചു ശാസ്‌താ ക്ഷേത്രങ്ങളുടെ ദർശനം മാനവജന്മം പുർണമാക്കാൻ ഉതകും എന്നാണ് സങ്കൽപം. എന്നാൽ കാന്തമല എവിടെയാണെന്ന് അറിയാത്തതുകൊണ്ട് ആ കുറവു പരിഹരിക്കാൻ തങ്കവാൾ ചാർത്തിയ അച്ചൻകോവിൽ അരശനെ വണങ്ങിയാൽ മതി എന്നും പറയുന്നു. ധനുമാസം ഒന്നു മുതൽ പത്തുവരെയാണു നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു കരുതുന്ന തങ്കവാൾ ഇവിടെ ചാർത്തുന്നത്. പുനലൂരിലുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്ന ഭഗവാന്റെ ഈ തങ്കവാളിന്റെ തൂക്കം എത്രയെന്ന് ഇനിയും നിശ്‌ചയിച്ചിട്ടില്ല. അതിനുകാരണം ഓരോ പ്രാവശ്യം തൂക്കിനോക്കുമ്പോഴും വ്യത്യസ്‌തമായ അളവാണ് തങ്കവാളിനുള്ളത് എന്നതാണ്.

ചിലപ്പോൾ കൂടിയ തൂക്കമായിരിക്കും കാണിക്കുന്നത്. മറ്റുചിലപ്പോൾ കുറഞ്ഞ തൂക്കം. അതുകൊണ്ടു തന്നെ ഒരിടത്തും കൃത്യമായ തൂക്കം രേഖപ്പെടുത്താൻ കഴിയില്ല.

ശബരിമല, കാന്തമല

അച്ചൻകോവിലിലെ ഗൃഹസ്‌ഥാശ്രമം കഴിഞ്ഞാൽ പിന്നെ ശബരിമലയിലെ വാർധക്യ അവസ്‌ഥയിലേക്കാണു യാത്ര. കരിമലയും നീലിമലയും കടന്നു കലിയുഗവരദനായ ഹരിഹരസുതന്റെ അരികിലേക്ക്. ധർമ്മശാസ്‌ത്രാവിന്റെ വാനപ്രസ്‌ഥവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് കാന്തമല. ശബരിമല പോലെ തന്നെ കാന്തമലയും വനമധ്യത്തിലാണ്. അവിടെ പൂജ നടത്തിയിരുന്നത് മഹർഷീശ്വരന്മാരും സിദ്ധന്മാരും ആണെന്നാണു വിശ്വാസം. കാലം കഴിഞ്ഞപ്പോൾ പൂജയില്ലാതെ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടുവെന്നും അതല്ല ക്ഷേത്രം അന്തർധാനം ചെയ്‌തതാണ് എന്നും രണ്ടുതരം വിശ്വാസമുണ്ട്.